കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്; വെടിവെയ്പ് ആസൂത്രണം ചെയ്തത് പ്രമുഖ സിനിമ നിര്‍മാതാവ്
കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്. അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവര്‍ വിദേശത്തേക്ക് കടന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. രവി പൂജാരിയും ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചവരും തമ്മിലുള്ള കണ്ണി അജാസും കൂട്ടരുമാണ്. ഇവരുടെ നിര്‍ദേശ പ്രകാരമാണ് വെടിവയ്പ്പ് നടത്തിയത്. ലീനയെ കുറിച്ചുള്ള വിവരങ്ങള്‍ രവി പൂജാരിക്ക് കൊടുത്തത് അജാസാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ 2018 ഡിസംബര്‍ 15ന് ബൈക്കിലെത്തിയ രണ്ട് പേര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണില്‍ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാതായപ്പോള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാര്‍ലറിന് നേരെ നിറയൊഴിച്ച അക്രമികള്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു.