അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡിന് ആദരാഞ്ജലികള്‍! അടിയന്തിരം 10ന്, സദ്യ ഉണ്ടായിരിക്കും
കോട്ടയം: പത്തുകോടി രൂപ പുനഃരുദ്ധാരണത്തിന് അനുവദിച്ചിട്ടും അയര്‍കുന്നം- ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി 10ന് അടിയന്തിര കര്‍മ്മങ്ങള്‍ നടത്താനൊരുങ്ങി ആറുമാനൂര്‍ നിവാസികള്‍. റോഡിന്റെ ചരമ അറിയിപ്പ് കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്.
അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡ് അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. നാളുകളായി ടാറിംഗ് തകര്‍ന്ന് ഗുരുതാരാവസ്ഥയിലായിരിന്നു. ദേശീയപാത വിഭാഗത്തിനാണ് ചികിത്സാ ചുമതലയെങ്കിലും അവര്‍ അവഗണിച്ചത് ‘രോഗം’ വഷളാക്കി. പത്തുകോടി രൂപ അനുവദിച്ചിട്ടും അധികൃതരാരും തിരിഞ്ഞ് നോക്കിയില്ല. അടിയന്തിര ചടങ്ങുകളില്‍ നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഇതാണ് റോഡിന്റെ ചരമ അറിപ്പിലെ പ്രധാന വാചകങ്ങള്‍. അടിയന്തര ദിവസമായ 10ന് സദ്യ ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ കൂടുതലായി ആശ്രയിക്കുന്ന റോഡ് കൂടിയാണിത്.