കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ച ഷൈനിയുടെയും മക്കളായ അലീനയുടെയും ഇവാനയുടെയും സംസ്കാരം നടത്തി. തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ആയിരുന്നു സംസ്കാരം നടത്തിയത്. കുടുംബപ്രശ്നങ്ങള്‍ മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്‍പിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഭര്‍ത്താവ് നോബിയുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് 9 മാസത്തോളമായി ഷൈനിയും മക്കളും ഏറ്റുമാനൂര്‍ പാറോക്കലിലെ വീട്ടിലായിരുന്നു താമസം. ഏറ്റുമാനൂരിലെ പള്ളിയിൽ സംസ്കാരം നടത്താൻ ഷൈനിയുടെ ബന്ധുക്കൾ തീരുമാനിച്ചിരുന്നെങ്കിലും മകൻ എഡ്വിന്റെ ആഗ്രഹപ്രകാരം മൃതദേഹങ്ങൾ തൊടുപുഴയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.
പാറോലിക്കലിലെ വീട്ടിൽ ശുശ്രൂഷകൾ നടക്കുമ്പോൾ ഷൈനിയുടെ ഭർത്താവ് നോബി വീടിനു സമീപം കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞു. പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്.

11ഉം 10ഉം വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭർത്താവിൽ നിന്നുള്ള ക്രൂര പീഡനങ്ങൾ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ഭർത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്.
നോബിയുടെ കുടുംബം കരിങ്കുന്നം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് തൊടുപുഴയില്‍ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് ധാരണയായത്. ഷൈനിയുടെ സ്വന്തം വീട്ടിൽ മൂന്നു മണിക്കൂർ പൊതുദർശനത്തിനുശേഷമാണ് ഭർതൃവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടിയ ഷൈനിയും മക്കളായ ഇവാനയും അലീനയും മരിച്ചത്.

സംഭവത്തേക്കുറിച്ച് നോബിയുടെ കുടുംബത്തിനേക്കുറിച്ച് വലിയ ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.ഇത്തരത്തില്‍ സുപ്രീംകോടതി അഭിഭാഷകയായ ദീപ ജോസഫ് ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.നോബിയുടെ സഹോദരനായ പള്ളി വികാരിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പോസ്റ്റുകള്‍
കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
ഏറ്റവും ഒടുവിൽ എനിക്ക് വന്ന ധാരാളം മെസ്സേജുകൾ കണ്ടു വാ വിട്ടു കരയാതിരിക്കാൻ കഴിയുന്നില്ല.. മിക്കവാറും അതെല്ലാം തൊടുപുഴയിൽ നിന്ന് തന്നെ. ളോഹധാരി ഷൈനിയെ മറ്റ് തരത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആണത്രേ തന്റെ പെണ്മക്കളെയും കൂട്ടി ഭർതൃ വീട്ടിൽ നിന്ന് ഓടി പോയത്.. ളോഹക്കുള്ളിൽ കാമം ഒളിപ്പിച്ച ഒരുത്തനിൽ നിന്നും സ്വയം രക്ഷപെടുകയും ഒപ്പം തന്റെ മാലാഖ കുഞ്ഞുങ്ങളെയും എന്നന്നേക്കുമായി ആ അമ്മ രക്ഷപ്പെടുത്തി.. അയാളുടെ കാമ കേളികൾക്കു വഴങ്ങിയില്ല എന്ന കാരണത്താൽ അയാൾ ആ പെണ്ണിനെ ജീവിക്കാൻ അനുവദിച്ചില്ല.. ഭർത്താവ് എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരുത്തൻ കള്ളും മോന്തി സഹോദരന്റെ വാക്ക് കേട്ടു ഈ പാവം പെണ്ണിനെ ഉപദ്രവിച്ചിട്ടും അവൾ നിശബ്ദയായി… അയാളെ ഈ ഭൂമിമലയാളത്തിൽ എവിടെ ആണെങ്കിലും ഇവിടെ കൊണ്ട് വരണം.. കുപ്പായം ഊരി തന്റെ അസുഖം മാറ്റാൻ ഉള്ളതിന് പകരം പാവം ഒരു പെണ്ണിനെ കൊല്ലാതെ കൊന്നു.. ഒപ്പം രണ്ട് കുരുന്നുകളെയും..
തൊടുപുഴക്കാരെ സത്യം ജയിക്കണം..പ്രിയരേ രാഷ്ട്രീയക്കാരുടെ മറ പറ്റി ഇവിടെ ഷൈനിക്കും കുട്ടികൾക്കും നീതി നിഷേധിക്കപ്പെടാൻ അനുവദിക്കരുത്. ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാക്കണം.. ഈ തീ അടങ്ങരുത്.. പോലീസ് പ്രൊട്ടക്ഷൻ എന്തിനാണ് നട്ടെല്ലില്ലാത്ത ഒരുതന് കേരള പോലീസ് കൊടുത്തത്? അവനു പോലീസ് പ്രൊട്ടക്ഷൻ ഏർപ്പാടാക്കിയവനെയും വെറുതെ വിടരുത്.. മന്ത്രി വാസവൻ ന്റെ പേരും കേൾക്കുന്നു…
എന്റെ കുടുംബത്തിലും വൈദികർ ഉണ്ട്. പ്രശ്നം പരിഹരിക്കാൻ അവർ നോക്കിയേക്കാം.. പക്ഷേ ഇതുപോലൊരു അനുഭവം ആദ്യമാണ്..
നിനക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ നീ തീയായി മാറണം..
ഒരായിരം അമ്മ പെങ്ങന്മാരുടെ നീതിക്കായുള്ള മുറവിളി ആയി മാറട്ടെ.. ഇനി ഒരൂ ഷൈനി കേരള മണ്ണിൽ മരണം വരിക്കാൻ ഇടയാവാതിരിക്കട്ടെ.. വിടരും മുന്പേ കൊഴിഞ്ഞ പൂവായി ഇനി ഒരു പെൺകുരുന്നും മാറാതിരിക്കട്ടെ..
അവർക്ക് നീതി കിട്ടും വരെയും ഈ പ്രതിഷേധാഗ്നി കെടാതിരിക്കട്ടെ…
ആയിരം ആയിരം അമ്മമാരുടെ.. ഭാര്യമാരുടെ.. സഹോദരിമാരുടെ ശബ്ദമായി മാറട്ടെ..
Adv Deepa Joseph
Supreme Court of India

