27.3 C
Kottayam
Wednesday, April 24, 2024

തിരിച്ചടിച്ച് ഇന്ത്യ,ഓസീസ് 197 റൺസിന് പുറത്ത്; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ്

Must read

ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന്റെ ശേഷിച്ച ആറ് വിക്കറ്റുകള്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ വീഴ്ത്തി. 88 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയാണ് ഓസീസ് ഇന്നിങ്‌സ് അവസാനിച്ചത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന് പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ (19) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആര്‍. അശ്വിനാണ് വിക്കറ്റ്. പിന്നാലെ കാമറൂണ്‍ ഗ്രീനിനെ (21) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഉമേഷ് യാദവ് അടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കുറ്റി പിഴുതു. തിരികെയെത്തിയ അശ്വിന്‍ അലക്‌സ് കാരിയെ (3) നിലയുറപ്പിക്കും മുമ്പ് മടക്കി. പിന്നാലെ ടോഡ് മര്‍ഫിയെ (0) ഉമേഷ് പുറത്താക്കി. തുടര്‍ന്ന് നേതന്‍ ലയണിനെ (5) മടക്കി അശ്വിന്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി ജഡേജ നാലും അശ്വിനും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഒന്നാം ദിനം ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയതിന്റെ ആവേശത്തില്‍ ബാറ്റെടുത്ത ഓസ്ട്രേലിയക്ക് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (ഒമ്പത്) വേഗം നഷ്ടമായി. ഇതോടെ സ്പിന്‍ പിച്ച് തങ്ങളെയും ചതിക്കുമെന്ന് കരുതിയ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയും (60) മാര്‍നസ് ലബുഷെയ്നും (31) ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഓസ്ട്രേലിയ പ്രതീക്ഷയിലായി.

147 പന്തുകള്‍ നേരിട്ട ഖവാജ നാല് ഫോറുകളോടെയാണ് 60 റണ്‍സെടുത്തത്. ഖവാജയാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 91 പന്തിലാണ് ലബുഷെയ്ന്‍ 31 റണ്‍സെടുത്ത് പിന്തുണനല്‍കിയത്. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ട് 198 പന്തുകളില്‍നിന്ന് 96 റണ്‍സെടുത്തു. ഇരുവരെയും വീഴ്ത്തിയ ജഡേജ സ്റ്റീവ് സ്മിത്തിനെയും (26) കൂടുതല്‍നേരം ക്രീസില്‍ നിര്‍ത്താന്‍ അനുവദിച്ചില്ല.

ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്തായിരുന്നു. ഓസീസിനെ വീഴ്ത്താന്‍ തയ്യാറാക്കിയ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാലിടറി. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതെണ്ണവും ഓസീസ് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week