CrimeNationalNews

അതീഖിന്റെ കൊലപാതകം: കൊലയാളിക്ക് വാർത്താ റിപ്പോർട്ടിങ്ങിൽ പരിശീലനം;മൂന്നുപേർ കസ്റ്റഡിയിൽ

ലഖ്‌നൗ: അതീഖ് വധക്കേസിലെ മുഖ്യപ്രതിക്ക് സഹായം നല്‍കിയ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ലവ്‌ലേഷ് തിവാരിക്ക് ‘റിപ്പോര്‍ട്ടിങ്’ പരിശീലനം നല്‍കിയ മൂന്നുപേരെയാണ് ഉത്തര്‍പ്രദേശിലെ ബാംദയില്‍നിന്ന് പോലീസ് പിടികൂടിയത്.

കസ്റ്റഡിയിലുള്ള മൂന്നുപേരും ഒരു പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റിന് വേണ്ടി ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് മൂവരും പ്രതിക്ക് പരിശീലനം നല്‍കിയത്. ക്യാമറ വാങ്ങാനും ഇവര്‍ തിവാരിയെ സഹായിച്ചു. മൂവരെയും ബാംദ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയാണ് മൂന്ന് പ്രതികളും അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പ്രയാഗ് രാജിലെ ആശുപത്രിക്ക് മുന്നിലായിരുന്നു കൊലപാതകം. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ അതീഖ് അഹമ്മദും അഷ്‌റഫും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സ്ഥലത്തുണ്ടായിരുന്ന അക്രമികള്‍ ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലായിരുന്നു നടുക്കുന്ന കൊലപാതകം.

അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും പോലീസ് ഉടന്‍തന്നെ കീഴ്‌പ്പെടുത്തിയിരുന്നു. ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി സിങ് എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവദിവസം രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ഇവര്‍ അതീഖിനെ പിന്തുടര്‍ന്നതായും പ്രതികളുടെ കൈവശം ഒരു ക്യാമറയും മൈക്കും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്താന്‍ പ്രചോദനമായത് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ വീഡിയോകളാണെന്നും പ്രശസ്തിക്ക് വേണ്ടിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നുമായിരുന്നു പ്രതികളുടെ മൊഴി.

അതിനിടെ, അതീഖ് അഹമ്മദിന്റെ ഭാര്യ ഷെയ്‌സ്ത പര്‍വീണിനെ കണ്ടെത്താനായി പോലീസിന്റെ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതിയായ ഷെയ്‌സ്ത ദിവസങ്ങളായി ഒളിവിലാണ്.

കൗശാംബിയില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ഈ മേഖലയില്‍ വ്യാപകമായ തിരച്ചിലാണ് നടന്നത്. ഡ്രോണ്‍ ക്യാമറകളടക്കം ഉപയോഗിച്ച് രണ്ടുമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button