കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം
കൊച്ചി: തെന്നിന്ത്യന്‍ സിനിമയിലെ ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായാണ്. ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനും കൂടിയാണ് രാജേഷ്.
ഫെഫ്ക പങ്കുവച്ച കുറിപ്പ്
തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തനായ ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിനില്‍ക്കുകയാണ് സിനിമയിലെ സഹപ്രവര്‍ത്തകര്‍.
ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാജേഷ് മാസ്റ്റര്‍ക്ക് സിനിമയ്ക്ക് അകത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട് . സ്റ്റാര്‍നൈറ്റ് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് . ചാനല്‍ ഷോകള്‍ക്ക് വേണ്ടി രാജേഷ് മാഷ് രൂപകല്‍പ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു ഇദ്ദേഹം .ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികള്‍
നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു.
‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നാണ് ബീന ആന്റണി കുറിച്ചത്. ‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല’ എന്നാണ് ദേവി ചന്ദന കുറിച്ചത്.