തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എന്നാല്‍ ഈ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞാല്‍ നിയമസഭയില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴുമെന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നത്. ഒരു സ്വകാര്യ മലയാളം വാര്‍ത്താചാനലിനോടായിരുന്നു അരുണിന്റെ പ്രതികരണം.
‘ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴും.’ അരുണ്‍ ഗോപി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എല്‍ഡിഎഫ് വിജയിച്ചതെന്നാണ് അരുണ്‍ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഴിമതി ആരോപണം യുഡിഎഫിന് എതിരായാണ് വന്നിരുന്നതെങ്കില്‍ അത് എല്‍ഡിഎഫ് മികച്ച രീതിയില്‍ ഉപയോഗിക്കുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റതാണെന്നും പ്രധാന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ മുന്നണി പാകപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.