KeralaNews

എഐ ക്യാമറ സോളർ പവറിൽ; നിരന്തരം മാറ്റി സ്ഥാപിക്കാം,ഏതു കാലാവസ്ഥയിലും സജീവം;സ്ഥാനം നോക്കി വണ്ടിയോടിച്ചാലും രക്ഷയില്ല

തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പം. സോളർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാലാണ് ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് അനായാസം സാധിക്കുന്നത്. നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതർ പറയുന്നു. ഫലത്തിൽ ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി മനസിലാക്കിയും ക്യാമറകൾ തിരിച്ചറിയാൻ കഴിയുന്ന ആപ്പുകൾ ഉപയോഗിച്ചും നിയമലംഘനം നടത്താൻ സാധിക്കാതെ വരും.

എഐ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമുകളിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റു കുറ്റങ്ങൾക്കു കൂടി നോട്ടിസ് തയാറാക്കി അയയ്ക്കും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും.

കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ കഴിയുന്ന രീതിയിലും, നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിശോധന കൂടുതൽ കാര്യക്ഷമമായും തെറ്റു സംഭവിക്കാത്ത രീതിയിലും സ്വയം പരിഷ്ക്കരിക്കുന്ന രീതിയിലുമുള്ള ഡീപ് ലേണിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് എഐ ക്യാമറകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

പ്രധാന കൺട്രോൾ റൂമിൽനിന്ന് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറും. അവിടെ നിന്നു നോട്ടിസ് തയാറാക്കി വാഹന ഉടമകൾക്ക് നൽകും. അതോടൊപ്പം, വാഹന ഡാറ്റാ ബേസിൽ ഇ ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തി വെർച്വൽ കോടതിയിലേക്ക് റഫർ ചെയ്യും.

ഇത് വാഹനത്തിന് വിലക്കേർപ്പെടുത്തുന്നതിനും മറ്റ് സേവനങ്ങൾ എടുക്കുന്നതിനും ഭാവിയിൽ പ്രയാസം സൃഷ്ടിക്കാം. ചലാനുകളെ സംബന്ധിച്ചുള്ള പരാതികൾക്ക് അതത്  ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസുമായി ബന്ധപ്പെടണം.

ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടിസുകൾ തയാറാക്കി അയയ്ക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കിയതും കെൽട്രോൺ ആണ്. 166 കോടി രൂപയാണ് ചെലവ്. കെൽട്രോൺ ചെലവാക്കിയ തുക 5 വർഷ കാലാവധിയിൽ 20 തുല്യ ത്രൈമാസ ഗഡുക്കളായി സർക്കാർ നൽകും.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.

സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 എഐ ക്യാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button