പഠാനിൽ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെ; കാശുവാരിപ്പടത്തില്‍ ഷാരൂഖിന് ലഭിച്ചത് അമ്പരപ്പിയ്ക്കുന്ന പ്രതിഫലം
മുംബൈ:തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിഞ്ഞ ഷാരൂഖ് ഖാന്റെ തിരിച്ചുവരവായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ പഠാന്‍. യഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 1050 കോടിയിലേറെ രൂപയാണ് വരുമാനം നേടിയത്. സിനിമ പുറത്തിറങ്ങുന്നതുവരെ ഷാരൂഖ് ഖാന്‍ വലിയ അവകാശവാദങ്ങളൊന്നും ഉന്നയിച്ചില്ല. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.
‘നിങ്ങള്‍ ഒരിക്കലും യാത്ര മതിയാക്കി മടങ്ങരുത്. മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്. എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’
സിനിമ ആരംഭിക്കുന്നതിന് മുന്നോടിയായി ഷാരൂഖ് ഖാന്‍ പ്രതിഫലം വാങ്ങിയില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാര്‍ ആയിരുന്നു യഷ് രാജ് ഫിലിംസും നടനുണ്ടായിരുന്നത്. അതായത് നിര്‍മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം. ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍താരങ്ങളും നിര്‍മാണ കമ്പനികളും തമ്മില്‍ ഈ വിധത്തിലുള്ള കരാര്‍ ഇപ്പോള്‍ പതിവാണ്.
270 കോടിയാണ് സിനിമയുടെ ബജറ്റ്. ഇന്ത്യയില്‍ നിന്ന് 545 കോടിയും വിദേശത്ത് നിന്ന് 396 കോടിയും ചിത്രം വരുമാനം നേടി. ഇന്ത്യയിലെ വിതരണക്കാര്‍ക്ക് 246 കോടിയും വിദേശത്തെ വിതരണക്കാര്‍ക്ക് 178 കോടിയും വരുമാനം നേടാനായി. 150 കോടിയാണ് സാറ്റ്‌ലൈറ്റ് വരുമാനം. 30 കോടിയോളം രൂപയ്ക്ക് പാട്ടുകളുടെ അവകാശം വിറ്റുപോയി. നിര്‍മാതാക്കള്‍ക്ക് ലഭിച്ചതില്‍ നിന്നും 200 കോടിയോളം രൂപ ഷാരൂഖ് ഖാന് പ്രതിഫലമായി ലഭിച്ചുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 ഡിസംബര്‍ 21, ഷാരൂഖ് ഖാന്‍ നായകനായ സീറോയായിരുന്നു പഠാന് മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ഷാരൂഖ് ചിത്രം. ആനന്ദ് എല്‍. റായി സംവിധാനം ചെയ്ത് അനുഷ്‌ക ശര്‍മ, കത്രീന കൈഫ്, ആര്‍ മാധവന്‍, അഭയ് ഡിയോള്‍ തുടങ്ങി ഒരു വലിയതാരനിരയെത്തിയ ചിത്രം നിര്‍മിച്ചത് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും കളര്‍ യെല്ലോ പ്രൊഡക്ഷനും ചേര്‍ന്നായിരുന്നു.
ഉയരം കുറവുള്ള ഒരാളുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷാരൂഖ് അവതരിപ്പിച്ചത്. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ പക്ഷേ പ്രേക്ഷകരും നിരൂപകരുമെല്ലാം കൈവിട്ടു. അത് ഷാരൂഖ് ഖാനില്‍ കടുത്ത നിരാശയാണുണ്ടാക്കിയത്.
മൂന്ന് പതിറ്റാണ്ടുകളായി എല്ലാ വര്‍ഷവും ഷാരൂഖ് ഖാന്‍ നായകനായ ഒരു സിനിമയെങ്കിലും തിയേറ്ററില്‍ എത്താതിരുന്നിട്ടില്ല. എന്നാല്‍ സീറോയുടെ പരാജയത്തെ തുടര്‍ന്ന് ഷാരൂഖ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്തു. മറ്റുതാരങ്ങളുടെ സിനിമകളിലും പരസ്യചിത്രങ്ങളിലും മാത്രമാണ് പിന്നീട് ഷാരൂഖ് മുഖം കാണിച്ചത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകരെ നിരാശരാക്കിയില്ല. ബഹിഷ്‌കരണ ക്യാമ്പുകള്‍ക്കിടയിലും ബഹളങ്ങള്‍ക്കിടയിലും റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 200 കോടിയിലേറെ വരുമാനം സ്വന്തമാക്കി. സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആയിരുന്നു നായിക. ജോണ്‍ എബ്രഹാമാണ് വില്ലന്‍ വേഷത്തിലെത്തിയത്.