28.4 C
Kottayam
Friday, May 3, 2024

അരിക്കൊമ്പൻ കേരളത്തിലെ റോഡുകളുടെ ബ്രാൻഡ് അംബാസഡർ: മന്ത്രി മുഹമ്മദ് റിയാസ്

Must read

കോട്ടയം: അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആ അർഥത്തിൽ സംസ്ഥാനത്തെ മികച്ച റോഡുകളുടെ ബ്രാൻഡ് അംബാസഡറായി അരിക്കൊമ്പൻ മാറിയെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ സംസ്ഥാനപാതയുടെ ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

‘അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കൊണ്ടുപോയപ്പോൾ മാധ്യമങ്ങൾ അറിഞ്ഞോ അറിയാതെയോ കേരളത്തിലെ റോഡുകളുടെ മാറ്റങ്ങൾ പകർത്തുകയുണ്ടായി. ഇതോടെ സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. അരിക്കൊമ്പൻ കേരളത്തിലെ റോഡുകളുടെ ബ്രാൻഡ് അംബാസഡറായി’- മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 19.90 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിലാണ് മന്ത്രി നാടിനു സമർപ്പിച്ചത്.

ലോകത്ത് ആകെയുള്ള മലയാളികൾ പരിഹരിക്കണമെന്നാഗ്രഹിച്ച പ്രശ്‌നമാണ് വാഗമൺ റോഡ് നവീകരിച്ചതിലൂടെ സാധ്യമാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും ഏറ്റവും കൂടുതൽ പേർ ആവശ്യമുന്നയിച്ച പ്രശ്‌നമായിരുന്നു ഇത്.

സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ കാലതാമസമുണ്ടാക്കുമെന്നതും കാലവർഷത്തിൽ തകർന്ന റോഡിന്റെ സ്ഥിതിയും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഈരാറ്റുപേട്ട-വാഗമൺ റോഡ് 19.90 കോടി രൂപ മുടക്കി അടിയന്തരമായി നവീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

റോഡിന്റെ നവീകരണ പുരോഗതി ആഴ്ചതോറും വിലയിരുത്തിയിരുന്നു. അരിക്കൊമ്പനെ കൊണ്ടുപോയപ്പോഴാണ് കേരളത്തിലെ റോഡുകളുടെ നിലവാരം മാധ്യമങ്ങളിലൂടെ ആളുകളുടെ മുമ്പിലെത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ദേശീയപാത 2025 ൽ പൂർത്തിയാകുമെന്നും മലയോര പാതയും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week