24.9 C
Kottayam
Wednesday, May 15, 2024

റോഡില്‍ തടസമുണ്ടാകരുത്, കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണം, പൊലീസ് ആവശ്യമായ സേനയെ അകമ്പടിയായി നല്‍കണം,അരിക്കൊമ്പൻ ‘ട്രാൻസ്ഫർ’നിര്‍ദ്ദേശങ്ങളിങ്ങനെ

Must read

കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. റോഡില്‍ തടസമുണ്ടാകരുത്, കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണം, ജില്ലാ പൊലീസ് മേധാവികള്‍ ആവശ്യമായ സേനയെ അകമ്പടിയായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘത്തിനാണ് ചുമതല.

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ആവശ്യത്തിന് വെള്ളവും ഭക്ഷണവുമുണ്ട് എന്നതാണ് പറമ്പിക്കുളം തിരഞ്ഞെടുക്കാനുള്ള കാരണം. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ദൗത്യത്തിന് റവന്യൂ, പൊലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. ആനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ട. പിടികൂടുന്നതിന്റെ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങളിലും വേണ്ടെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു മൃഗത്തെ മാത്രം പിടികൂടുന്നതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് കോടതി ആവർത്തിച്ചു.

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടത്. ഇതിനായി ജില്ലാ തലത്തിൽ കർമ സമിതികൾ രൂപീകരിക്കണം. ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുക്കണം. ജനജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയം അല്ലെന്നും, ആവശ്യമായി നടപടികൾ സർക്കാർ നേരത്തേ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week