കൊല്ലം: പരവൂരിൽ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിനു പിന്നിൽ മാസങ്ങളുടെ ആസൂത്രണമുള്ളതായി സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കലയ്ക്കോട് സ്വദേശി ബിനു തട്ടിപ്പിന് ഇരയാക്കപ്പെട്ട മുൻ സൈനികന്റെ അടുത്ത ബന്ധുവാണെന്നതും ഇത്തരമൊരു സംശയത്തിന് ബലംപകരുന്നുണ്ട്. കൂട്ടുപ്രതി സീരിയൽ നടി നിത്യ ശശി നേരത്തെയുണ്ടായിരുന്ന വിവാഹ ബന്ധം വേർപെടുത്തിയാണ് ബിനുവുമായി അടുപ്പം സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ മേയിലാണ് നിത്യ കലയ്ക്കോട്ടെ വീട് വിൽക്കാനുണ്ടെന്നറിഞ്ഞ് വയോധികനെ ഫോണിൽ ബന്ധപ്പെടുന്നത്. വീടു വിൽപ്പനയ്ക്ക് വച്ച വിവരം ബിനു വഴിയായിരിക്കണം നിത്യ അറിഞ്ഞതെന്നും സംശയിക്കപ്പെടുന്നു. തിരുവനന്തപുരം പട്ടം സ്വദേശിയായ വയോധികനെ നിത്യ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ട് പരിചയത്തിലായി. എന്നാൽ ഇതിനുപിന്നിലുള്ള ചതി മനസ്സിലാക്കാതെ ഇയാൾ നിത്യ പറഞ്ഞതനുസരിച്ച് കലയ്ക്കോട്ടെ വീട്ടിലേക്ക് എത്തി. മുൻകൂട്ടി പദ്ധതിയിട്ട പ്രകാരം ബിനുവും സ്ഥലത്തെത്തിയിരുന്നു.
വീടിനകത്തുവച്ച് നിർബന്ധിച്ച് വിവസ്ത്രനാക്കിയ വയോധികനൊപ്പം നിത്യ ഫോട്ടോയെടുത്തു. ഇതിനോടകം വീടിനുള്ളിലെത്തിയ ബിനുവും വിവസ്ത്രനായ പരാതിക്കാരന്റെ ചിത്രം പകർത്തി. തുടർന്ന് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ പ്രതികൾ അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇവർക്ക് തുക കൈമാറാമെന്നുള്ള സമ്മത പത്രത്തിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.
ഭീഷണി വീണ്ടും തുടർന്നതോടെ പലതവണയായി ആവശ്യപ്പെട്ടതിന്റെ പകുതിയോളം തുക വയോധികനില്‍നിന്നും പ്രതികൾ കൈക്കലാക്കി. നിരന്തരം ഭീഷണിയായതോടെ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18നാണ് പരവൂർ പൊലീസില്‍ പരാതി നൽകിയത്.
പിന്നാലെ പ്രതികള്‍ ഒളിവിൽ പോയി. എന്നാൽ ബാക്കി പണം നൽകാമെന്ന് വയോധികൻ പറഞ്ഞതിനു പിന്നാലെ ഇരുവരും പട്ടത്തെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. അവിടെവച്ചാണു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് നിർദേശിച്ചതു പ്രകാരമായിരുന്നു ഇത്തരമൊരു നീക്കം.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികൾ മുൻപ് സമാനമായ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടോ എന്നതടക്കം പുറത്തുവരാനുണ്ട്. ഇതിനായി പ്രതികളുടെ നേരത്തെയുള്ള ഇടപാടുകളെല്ലാം പരിശോധിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.