കൊച്ചി : മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ, മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ. മോൻസൻ മാവുങ്കലിൽ നിന്നും സുരേന്ദ്രൻ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭാര്യയുടെ അകൗണ്ടിലേക്കാണ് സുരേന്ദ്രൻ പണം വാങ്ങിയത്. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതിനാൽ വൈകിട്ട് 4 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
മോൻസൺ മാവുങ്കലിനായി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുൻ ഡിഐജി എസ് സുരേന്ദ്രൻ നടത്തിയ ഇടപെടലുകളിലും അതിലുള്ള സാമ്പത്തിക നേട്ടത്തിലുമായിരുന്നു നേരത്തെ ക്രൈാം ബ്രാഞ്ച് അന്വേഷണം നടത്തിയത്. മോൻസൺ മാവുങ്കലിന്‍റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു സുരേന്ദ്രനും ഭാര്യയും. എസ് സുരേന്ദ്രനടക്കമുള്ളവരുടെ സൗഹൃദമടക്കം കാണിച്ചായിരുന്നു മോൻസൻ പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയത്.
2019 മെയ് മാസം കേസിലെ പരാതിക്കാരനായ യാക്കൂബ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത് എസ് സുരേന്ദ്രന്‍റെ തൃശ്ശൂരിലെ വീട്ടിൽ വെച്ചാണെന്നാണ് മൊഴി. പരാതിക്കാരായ മറ്റ് മൂന്ന് പേരും ഒപ്പമുണ്ടായിരുന്നു. 2020 ൽ സുരേന്ദ്രന്‍റെ എറണാകുളം വാഴക്കാലയിലെ വീട്ടിൽ 15 ലക്ഷം രൂപ മോൻസന്‍റെ നിർദ്ദേശ പ്രകാരം എത്തിച്ചതായി മുൻ ഡ്രൈവർ അജിയും മേക്കപ്പ് മാൻ ജോഷിയും മൊഴി നൽകിയിരുന്നു.
എസ് സുരേന്ദ്രന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിന്‍റെ ജീവനക്കാരും അയച്ചതാണ്. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.