ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ നവദമ്പതികളെ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണു കാണാതായി; ഒപ്പമുണ്ടായിരുന്ന ബന്ധു മുങ്ങിമരിച്ചു

കൊല്ലം:പള്ളിക്കലിൽ വിവാഹ വിരുന്നിനു ബന്ധുവീട്ടിൽ എത്തിയ നവദമ്പതികളെ ആറ്റിൽ കാണാതായി. കൂടെയുണ്ടായിരുന്ന ബന്ധു മുങ്ങി മരിച്ചു. പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ സെയ്നുലാബ്ദീൻ–ഹസീന ദമ്പതികളുടെ മകൻ അൻസൽഖാൻ(22) ആണു മരിച്ചത്. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ് (27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരെയാണു കാണാതായത്. കഴിഞ്ഞ 16നായിരുന്നു ഇവരുടെ വിവാഹം.

പള്ളിക്കൽ പഞ്ചായത്ത് പകൽക്കുറി മൂതല റോഡിൽ താഴെ ഭാഗം പള്ളിക്കൽ പുഴയിലാണു സംഭവം. സിദ്ദിഖും നൗഫിയയും പള്ളിക്കലിലെ ബന്ധുവായ അൻസൽ ഖാന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തിൽ നിന്നു വിവാഹം റജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികൾ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.

ഉച്ചയൂണിനു ശേഷം ഇവർ രണ്ട് ബൈക്കുകളിലായി പള്ളിക്കൽ പുഴയോരത്ത് എത്തി. തുടർന്ന് അവിടെ സെൽഫിയെടുക്കുകയും വെള്ളത്തിൽ ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കൽ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടൻ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.

തുടർന്നുള്ള തിരച്ചിലിലാണ് അൻസൽ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. കാലവർഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാൽ രാത്രിയിലെ തിരച്ചിൽ ദുഷ്കരമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News