CrimeKeralaNews

ലോറി റോഡിന് കുറുകെയിട്ടു; കാർ യാത്രക്കാരെ ആക്രമിച്ച് 4.50 കോടി രൂപ കവർന്നു

പാലക്കാട്∙ ദേശീയപാത പുതുശ്ശേരിയിൽ കാർ യാത്രക്കാരെ ആക്രമിച്ചു 4.50 കോടി രൂപയും കാറും കവർന്നു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബിനു വഹ (24) എന്നിവർക്കാണു ആക്രമണത്തിൽ പരുക്കേറ്റത്.

ഇവരിൽ നിന്നു കവർന്നതു കുഴൽപ്പണമാണെന്നു സംശയിക്കുന്നതായും ആക്രമണത്തിനും കവർച്ചയ്ക്കും പിന്നിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ചാ സംഘമാണെന്നാണു നിഗമനമെന്നും സബ് ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ദേശീയപാത പുതുശ്ശേരി കുരുടിക്കാടാണു കവർച്ച നടന്നത്. ബെംഗളൂരുവിൽ നിന്നു മലപ്പുറത്തേക്കു പോവുകയായിരുന്നു കാർ യാത്രക്കാരെ ടിപ്പർ ലോറി റോഡിനു കുറുകെയിട്ടാണു തടഞ്ഞത്. പിന്നാലെ 2 കാറുകളിലായെത്തിയ 15 അംഗം സംഘം മാരകായുധങ്ങളുമായി മൂവരെയും ആക്രമിച്ചു. ഒരു കാറിലേക്കു മൂന്നുപേരെയും പിടിച്ചു കയറ്റി. ഇവർ സഞ്ചരിച്ച കാറും ആക്രമി സംഘം കൈക്കലാക്കി.

പിന്നീട് തൃശൂർ മാപ്രാണം ഠാണാവിനെത്തിയപ്പോൾ മൂവരെയും റോഡിലേക്കു തള്ളിയിട്ടു. അര കിലോമീറ്റർ അകലെ കാർ ഉപേക്ഷിച്ച കവർച്ച സംഘം വന്ന കാറുകളിൽ തന്നെ മടങ്ങിപ്പോയി. കാറിന്റെ പിൻ സീറ്റുകളും ഡാഷ് ബോർഡും തകർത്താണ് പണം കൈക്കലാക്കിയത്. ശനിയാഴ്ച രാത്രിയോടെയാണു കാർ യാത്രക്കാർ പരാതിയുമായി കസബ പൊലീസ് സ്റ്റേഷനലെത്തിയത്.

സിസിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. വാളയാർ ടോൾപ്ലാസയിലെയും ദേശീയപാതയിലെയും സിസിടിവി ക്യാമറകളിൽനിന്നും ആക്രമി സംഘം എത്തിയ കാറിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും നമ്പറുകൾ വ്യാജമായിരുന്നെന്നാണു വിവരം.

പരുക്കേറ്റ 3 പേരും പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. എഎസ്പി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്ഐ ആർ.രാജേഷ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker