24.9 C
Kottayam
Wednesday, May 15, 2024

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകള്‍ ലഭിയ്ക്കില്ല;വിറ്റാല്‍ കര്‍ശന നടപടി

Must read

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ശക്തമായി ആരംഭിക്കുന്നു.

കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18004253182 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. പൊതുജനങ്ങളും മരുന്ന് വ്യാപാരികളും എ.എം.ആറിനെപ്പറ്റി അവബോധം ഉള്ളവരാകണമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ എ.എം.ആര്‍. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിനേയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന് പറയുന്നത്.

അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് എ.എം.ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ സംസ്ഥാനം രൂപീകരിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇതുവരെ 40 ആശുപത്രികളാണ് കാര്‍സ്‌നെറ്റ് ശൃംഖലയില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നുള്ളതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്.

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാന്‍ ലക്ഷ്യം വയ്ക്കുന്നു. ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കക്കോടി, ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തെ ആദ്യത്തെ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി മാറിയതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week