ആ തീരുമാനം നന്നായി, പരസ്പരം വെറുക്കുന്ന അവസ്ഥ ഉണ്ടായേനെ; ജയസൂര്യയുമായുള്ള കൂട്ടുകെട്ട് വിട്ടതിന് കാരണം
കൊച്ചി:മലയാളത്തിലെ ജനപ്രിയ കോമ്പോകളിൽ ഒന്നായിരുന്നു ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ട്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ ആദ്യ ചിത്രമായ കാട്ടുചെമ്പകത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത സിനിമയിൽ സഹതാരങ്ങളായി തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് പിന്നീട് തിരക്കഥാകൃത്ത്-നായകൻ എന്നതിലേക്കും വളരുകയായിരുന്നു. 2010ൽ പുറത്തിറങ്ങിയ കോക്ടെയില്‍ എന്ന സിനിമ മുതൽ അനൂപ് മേനോൻ തിരക്കഥ ഒരുക്കിയ ഒരുപിടി സിനിമകളിൽ ജയസൂര്യയാണ് നായകനായത്.
അനൂപ് മേനോന്‍റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2011ല്‍ ബ്യൂട്ടിഫുള്‍, 2012ല്‍ ട്രിവാന്‍ട്രം ലോഡ്ജ്, 2013ല്‍ ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ഡി കമ്പനി തുടങ്ങിയ സിനിമകളിലാണ് ഇവർ ഒന്നിച്ചത്. ഈ സിനിമകളിലൊക്കെ പ്രധാന വേഷങ്ങളിൽ അനൂപ് മേനോനും എത്തിയിരുന്നു.
എന്നാല്‍ 2013ന് ശേഷം ഇവര്‍ ഒന്നിച്ചുള്ള സിനിമകൾ ഉണ്ടയിട്ടില്ല. 2014ല്‍ ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചതല്ലാതെ ഇവരൊന്നിച്ചുള്ള സിനിമകൾ പ്രേക്ഷകർ പിന്നീട് കണ്ടിട്ടില്ല. ഇപ്പോഴിതാ, ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അനൂപ് മേനോൻ. ഒരുമിച്ചാണ് പിരിയാമെന്ന തീരുമാനം എടുത്തതെന്നും ഇന്നും സൗഹൃദമുണ്ടെന്നും അനൂപ് മേനോൻ പറയുന്നു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ മനസുതുറന്നത്.
‘ജയസൂര്യയുമായി ഇപ്പോഴും സൌഹൃദം ഉണ്ട്. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് പിരിയുക എന്നത്. ഞാന്‍ എഴുതിയ സിനിമകളില്‍ മിക്കവാറും ജയസൂര്യയാണ് നായകന്‍. ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലത് എന്ന് ഞങ്ങൾക്ക് തോന്നി. രണ്ടുപേര്‍ക്കും അത് നല്ലതായിരുന്നു. പ്രത്യേകിച്ച് എനിക്ക്. സംവിധായകന്‍ രഞ്ജിത്താണ് നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന അവസരം കൂടുതല്‍ ഉപയോഗിക്കാന്‍ പറഞ്ഞത്’,
‘തിരക്കഥകൃത്ത് എന്ന നിലയില്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമ ചെയ്യാന്‍ സാധിക്കും. എട്ടു കൊല്ലത്തിനിടയില്‍ എട്ടോ പത്തോ ചെയ്യാം. എന്നാല്‍ നടന്‍ എന്ന നിലയില്‍ ഞാന്‍ ഈ കാലയളവില്‍ 100 പടം എങ്കിലും അഭിനയിച്ചു. പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണ്. അതിന് ശേഷം ജയന്‍ വെള്ളം, ക്യാപ്റ്റന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി. മറ്റൊരു വശത്ത് ഞാനും പാവട, വിക്രമാദിത്യന്‍ പോലുള്ള സിനിമകള്‍ ചെയ്തു’,
‘ഒന്നിച്ച് തുടര്‍ന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുറച്ചുകാലം കഴിഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകും. ഒരേ രീതിയില്‍ സിനിമകള്‍ ചെയ്ത് ഞങ്ങള്‍ക്ക് മടുത്ത് ഞങ്ങള്‍ പരസ്പരം വെറുക്കുന്ന അവസ്ഥ ഉണ്ടായേനെ. അതിന് മുന്‍പ് തന്നെ അത്തരം ഒരു തീരുമാനം എടുത്തത് നന്നായി. അത് കാരണം ജയസൂര്യയുടെ കരിയറിലും മാറ്റം വന്നു. എന്‍റെ കരിയറിലും മാറ്റം വന്നു. അത് നല്ലൊരു തീരുമാനമായിരുന്നു’, അനൂപ് മേനോന്‍ പറഞ്ഞു.
അതേസമയം ഇരുവരും ഒന്നിച്ച ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും അനൂപ് മേനോൻ വ്യക്തമാക്കി. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൾക്ക് ആ സമയത്തെ ഡേറ്റ് ഉള്ളുവെന്നും നടൻ വ്യക്തമാക്കി. ജയസൂര്യ, അനൂപ് മേനോൻ, ഭാവന, ഹണി റോസ് എന്നിവരാണ് ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിൽ മറ്റു താരങ്ങളാകും എത്തുകയെന്നാണ് സൂചന.