അമിത് ഷാ തമിഴ്‌നാട്ടില്‍; ചെന്നൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടില്‍. ഞായറാഴ്ച പുലര്‍ച്ചെ അമിത് ഷാ ചെന്നൈയില്‍ വിമാനം ഇറങ്ങി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വന്‍ സുരക്ഷയുടെ നടുവിലേക്കാണ് അദ്ദേഹം പറന്നിറങ്ങിയത്.
ഷാ വിമാനം ഇറങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. മാര്‍ച്ച് ഒന്നിന് ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളില്‍ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അജ്ഞാതനായൊരാളാണ് ഫോണ്‍ വിളിച്ചതെന്ന് പോലീസ് പറയുന്നു. വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ ഷായെ സ്വീകരിക്കാനെത്തിയത്.
തമിഴ്‌നാട്ടില്‍ ഇത്തവണയും അണ്ണാ ഡിഎംകെ-ഡിഎംകെ മുന്നണികളുടെ നേര്‍ക്കു നേര്‍ പോരാട്ടമാണ്. ഹാട്രിക് വിജയം തേടി അണ്ണാ ഡിഎംകെ മുന്നണി പോരിനിറങ്ങുമ്പോള്‍ ഇത്തവണ ഭരണം തങ്ങള്‍ക്കെന്ന് ആത്മവിശ്വാസത്തിലാണു ഡിഎംകെ.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായരായ കരുണാനിധിയും ജയ ലളിതയും അന്തരിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുക.