29.1 C
Kottayam
Friday, May 3, 2024

സര്‍വ്വകക്ഷി യോഗം മാറ്റി;തീരുമാനം ബിജെപി ബഹിഷ്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ

Must read

ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ (Political Murder)  പശ്ചാത്തലത്തിൽ ജില്ലാകളക്ടർ വിളിച്ചുചേർത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കും. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. രഞ്ജിത്തിന്റെ മൃതദേഹത്തോട് ജില്ലാഭരണ കൂടം അനാദരവ് കാണിച്ചിട്ടില്ലെന്ന് ജില്ലാകളക്ടർ എ അലക്സാണ്ടർ പറഞ്ഞു. ബിജെപിയുടെ സൌകര്യം കൂടി കണക്കിലെടുത്താണ് സർവകക്ഷിയോഗ സമയം വൈകിട്ടത്തേക്ക് മാറ്റാൻ പോലും തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സർവക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കില്ലെന്ന നിലപാടിലായിരുന്നു ബിജെപി. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം നടപടികൾ മനപൂർവ്വം വൈകിപ്പിച്ചെന്നും ആരോപിച്ചായിരുന്നു തീരുമാനം. 

രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയത്താണ് യോഗം എന്നതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാൻ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർഥതയില്ലെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ കുറ്റപ്പെടുത്തി. 

അഭിഭാഷകൻ കൂടിയായ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ബാറിലെ അഭിഭാഷകർ ഇന്ന്  കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കും. പ്രതികളുടെ വക്കാലത്ത് എടുക്കില്ലെന്നും അസോസിയേഷൻ എക്സിക്യൂട്ടീവ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week