അലൻസിയർ നടത്തിയത് തരംതാണ പ്രസ്താവന; പുരസ്‌കാരത്തെ അപമാനിച്ചത് തെറ്റ്: മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന വേദിയില്‍ സിനിമാതാരം അലന്‍സിയര്‍ നടത്തിയത് തരംതാണ പ്രസ്താവനയെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. കലാകാരന്മാരെ അംഗീകരിച്ചത് സംസ്ഥാനമാണ്, സംസ്ഥാനത്തെ ജനങ്ങളാണ്. അതില്‍ നല്‍കുന്ന പുരസ്‌കാരത്തെയും പുരസ്‌കാരത്തുകയെയും അപമാനിച്ചത് തെറ്റാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
സ്ത്രീകളെ പൊതുവേദിയില്‍വെച്ച് അപമാനിക്കുന്നതിനെതിരേ ശക്തമായ നടപടിയുണ്ടാകും. ഏറ്റവും പരമോന്നതമായ ചലച്ചിത്ര അവാര്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് അതിന്റെ മാന്യത. വര്‍ഷങ്ങള്‍ക്കു മുന്നേ ഡിസൈന്‍ ചെയ്ത മെമന്റോയാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്നുവരെ അതേപ്പറ്റി ആരും ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
അവാര്‍ഡ് തുകയായ 25,000 രൂപയ്ക്ക്, തുക എന്നതില്‍ക്കവിഞ്ഞ ഒരു മഹത്വമുണ്ട്. അത് ഈ നാടും ജനങ്ങളും നല്‍കുന്ന അംഗീകാരമാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെ അലൻസിയറുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അലൻസിറയുടേത് പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നിയത് എന്നാണ് താരം പറഞ്ഞത്. പുരസ്കാരത്തിനോട് വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെങ്കിൽ ആ പരിപാടി ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
‘ഇത് പറയാന്‍ വേണ്ടി അലൻസിയർ അവിടെ വരെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു വേദി കിട്ടുന്ന സമയത്ത് ചിലര്‍ക്ക് ഒന്ന് ആളാകാനും, ഷൈന്‍ ചെയ്യാനും തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്- ധ്യാൻ പറഞ്ഞു.
മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു അലൻസിയറുടെ വിവാദ പരാമർശം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണമെന്നുമാണ് പറഞ്ഞത്. പ്രതികരണം രൂക്ഷ വിമർശനങ്ങൾക്കാണ് ഇരയായത്. എന്നാൽ പ്രസ്താവ പിൻവലിച്ച് ക്ഷമാപണം നടത്താൻ അലൻസിയർ തയാറായില്ല.
നടൻ അലൻസിയറിന് ധീരതയ്ക്കുള്ള അവാർഡ് നൽകാൻ തീരുമാനിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. അലൻസിയറിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ സ്ത്രീ പ്രതിമയ്ക്ക് പകരം, നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം നൽകുമെന്നാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ആണത്തമുള്ള പുരുഷന്റെ, അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും. ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്’. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അജിത് കുമാർ വ്യക്തമാക്കി
അലൻസിയറിന് ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളുടെയും ചില പുരുഷൻമാരുടെയും പിന്തുണയുണ്ട്. അവാർഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അജിത് കുമാർ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തുക കുറഞ്ഞുപോയതിനെക്കുറിച്ചും അലൻസിയർ പറഞ്ഞിരുന്നു. അദ്ദേഹം ആ പണം മുഴുവൻ നൽകിയത് ആതുര സേവനത്തിനാണ്. അതുകൊണ്ടാണ് അദ്ദേഹം ആ പണം കുറഞ്ഞു പോയതിനെ പറ്റി പറഞ്ഞത്. ആതുര സേവനം നൽകുന്നവർക്കായാണ് അലൻസിയർ സഹായം നൽകുന്നത്. തങ്ങളുടെ വക ഒരു പങ്കും അതിന് ഉണ്ടാകട്ടെ എന്നാണ് ചിന്തയെന്നും അജിത് കുമാർ വ്യക്തമാക്കി.