പ്രണയത്തിലായിരിക്കെ ഗർഭിണിയായി, വീട്ടിൽ അറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്തി; ഞാൻ വളരെ ചെറുപ്പമായിരുന്നു: ഷക്കീല
ചെന്നൈ:മലയാളികളെ സംബന്ധിച്ച് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയിൽ കൊടികുത്തി വാഴുകയായിരുന്നു ഷക്കീല. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം. സോഫ്റ്റ് പോൺ സ്വഭാവമുള്ള സിനിമകളായിരുന്നു ഇതിൽ ഏറെയും. തകർച്ചയിലേക്ക് പോയ മലയാള സിനിമയെ ഒരുസമയത്ത് പിടിച്ച് നിർത്തിയത് ഷക്കീലയാണെന്ന അഭിപ്രായമുണ്ട്.
തൊണ്ണൂറുകളിലാണ് ഷക്കീല മലയാള സിനിമയിൽ കത്തിക്കയറിയത്. അന്ന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങളുടെ സിനിമകൾ പോലും ഷക്കീല സിനിമകളുമായി ഏറ്റുമുട്ടാൻ ഭയപ്പെട്ടിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഷക്കീല തരംഗം അവസാനിച്ചു. ഇത്തരം സിനിമകളുടെ നിർമാണത്തിന് വിലക്ക് വന്നതാണ് കാരണം. ഇതോടെ ഷക്കീല മലയാള സിനിമയോട് വിടപറഞ്ഞു.
അഡ്വാൻസ് വാങ്ങിയ നിർമാതാൾക്ക് പണം തിരികെ നൽകി കൊടുത്ത ശേഷം താരം ചെന്നൈയിലേക്ക് മടങ്ങി. അതിന് ശേഷം തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഷക്കീല അഭിനയിച്ചു. കൂടുതലും കോമഡി വേഷങ്ങളിലാണ് താരം എത്തിയത്. എന്നാൽ ഗ്ലാമറസ് നടിയെന്ന ഇമേജ് തകർക്കാൻ ഷക്കിലയ്ക്ക് കഴിഞ്ഞില്ല. പിന്നീട് വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കുക്ക് വിധ കോമാളിയുടെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി ഷക്കീലയെത്തി.
ഷോയിൽ തന്റെ പാചകത്തിലെ കഴിവുകൾ പുറത്തെടുത്ത ഷക്കീല, ഷോയിലൂടെ തന്റെ പഴയ ഇമേജ് പൂർണ്ണമായും മാറ്റുകയും ചെയ്തു. കുക്ക് വിത്ത് കോമാളിക്ക് ശേഷം തമിഴ് പ്രേക്ഷകർക്ക് ഷക്കീലമ്മയായി മാറുകയായിരുന്നു നടി. ആ ഷോയ്ക്ക് ശേഷം അവതാരകയായും ടെലിവിഷൻ പരിപാടികളിൽ അതിഥിയായും ഷക്കീല തിളങ്ങി. മലയാളത്തിലടക്കം മിനിസ്ക്രീൻ പരമ്പരകളുടെ ഭാഗമായും നടി എത്തി. ഇപ്പോഴിതാ ബിഗ് ബോസ് തെലുങ്കിൽ മത്സരിക്കുകയാണ് നടി.
തന്റെ പഴയ ഇമേജിൽ നിന്നും പൂർണമായുള്ള ഒരു മോചനം ആഗ്രഹിച്ചാണ് താൻ ബിഗ് ബോസിൽ മത്സരിക്കുന്നത് എന്നാണ് ഷക്കീല പറഞ്ഞത്. ഷോയിൽ സിഗരറ്റ് വലിക്കുന്ന ഷക്കീലയുടെ വീഡിയോയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഷക്കീല മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ഒരിക്കൽ താൻ ഗർഭിണിയാവുകയും ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഷക്കീല പറയുന്നു.
‘ഞാൻ ഒരിക്കൽ ഗർഭിണിയായി, ഒരു കാമുകനുമായി പ്രണയത്തിലായിരിക്കെയാണ് ഗർഭിണിയായത്. എനിക്ക് ഇപ്പോഴും അദ്ദേഹവുമായി സൗഹൃദമുണ്ട്. അന്ന് ഞാൻ വളരെ ചെറുപ്പമായതിനാൽ ഗർഭച്ഛിദ്രം നടത്തി. ആ കുട്ടിയെ വേണ്ടെന്ന് എന്റെ അമ്മയും പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനം ആയിരുന്നു’,
‘ഞാൻ ഗർഭിണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് ആർത്തവം ക്രമരഹിതമായിരുന്നു. അതുകൊണ്ട് ഞാനും അത് അവഗണിച്ചു. എന്റെ വയർ കണ്ട അമ്മയ്ക്കാണ് സംശയം തോന്നിയത്. എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. പിന്നീട് എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി അബോർഷൻ ചെയ്തു’,
‘ഒരു കുട്ടിയെ ഗർഭം ധരിക്കാൻ കഴിയുന്ന പ്രായമല്ലാത്തത് കൊണ്ടാണ് അത് ചെയ്തത്. ആ കുട്ടി ജനിച്ചിരുന്നെങ്കിൽ പോലും അതൊരു സാധാരണ കുട്ടി ആയിരുന്നിരിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രം നടത്തുക എന്നത് തന്നെയായിരുന്നു ശരിയായ തീരുമാനം’, ഷക്കീല പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് വിവരം. ഏഷ്യാനെറ്റ് തമിഴാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.