മലപ്പുറം:അപ്രതീക്ഷിതമായി സൗദിയോട് അർജന്റീന തോൽവി ഏറ്റുവാങ്ങിയതിന് പിന്നലെ മലപ്പുറത്ത് ഫാൻസുകൾ തമ്മിൽ കയ്യാങ്കളിയും. ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെയാണ് മലപ്പുറം ടൗണിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.അർജന്റീനയുടെ അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകർ ആഘോഷമാക്കിയതാണ് മെസ്സി ആരാധകരെ ചൊടിപ്പിച്ചത്.തുടർന്ന് കളികാണാൻ അർജന്റീനൻ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലാണ് സംഘർമുണ്ടായത്.
അർജന്റീനൻ ആരാധകരിൽ ഒരാൾ പ്രകോപിതനായതോടെ മറ്റു അർജന്റീനൻ ആരാധകരും സംഘടിച്ചു.ആരാധകർ തമ്മിലുള്ള വാക്കുതർക്കം അൽപ്പസമയം നീണ്ടുനിന്നു.കളിയുടെ ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജന്റീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു.രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.
53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (21). തുടർന്ന് അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. എട്ടു മിനുട്ട് അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി.
തുടർച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അർജന്റീനയുടെ കുതിപ്പിനാണ് അവർ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി തകർത്തെറിഞ്ഞത്.
രണ്ട് പകുതികളിലുമായി പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജന്റീനയ്ക്ക് അതൊന്നും മുതലാക്കാനായില്ല.80ാം മിനുട്ടിൽ അർജന്റീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അർജന്റീനയ്ക്ക് പെനാൽട്ടി ലഭിച്ചത്.തുടർന്ന് നായകൻ മെസ്സി നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു.