ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട എന്ന് ആരാധിക; അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ
കൊച്ചി:ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പല ചാനലുകളിലും ഉണ്ണി അഭിമുഖം നല്‍കുന്നുണ്ട്. അങ്ങനെ ഒരു ചാനലില്‍ നടന്‍ അതിഥിയായി എത്തിയപ്പോള്‍, ഉണ്ണിയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ അനുശ്രീയും എത്തിയിരുന്നു. ആ അഭിമുഖം വൈറലാവുകയും ചെയ്തു.
ഉണ്ണി മുകുന്ദനും അനുശ്രീയും തമ്മില്‍ പ്രണയത്തിലാണെന്നും, ഇരുവരും കല്യാണം കഴിക്കാനുള്ള സാധ്യതയുണ്ട് എന്നും ഉള്ള തരത്തില്‍ പല സോഷ്യല്‍ മീഡിയ ചര്‍ച്ചകളും നടക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു അഭിമുഖം നല്‍കിയത്. എങ്കില്‍ പിന്നെ ആ ഗോസിപ്പിന് ഒട്ടും കുറവ് വരുത്തേണ്ട എന്ന് കരുതി മനപൂര്‍വ്വം, അതെ ഞങ്ങള്‍ ഒന്നിച്ചാണ് എന്ന തരത്തില്‍ ഇരുവരും സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ആ അഭിമുഖത്തിന് ഉണ്ണിയും അനുശ്രീയും എത്തിയ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ അനുശ്രീയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്.
സനേഷ് എം എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എടുത്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് അനുശ്രീയുടെ പേജില്‍ വൈറലായത്. അതില്‍ ആദ്യത്തെ ചില കമന്റുകളോട് എല്ലാം അനുശ്രീ പ്രതികരിക്കുകയും ചെയ്തു. ഉണ്ണിയ്ക്ക് അനുശ്രീ വേണ്ട എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. അതിന് അനുശ്രീ നല്‍കിയ മറുപടി, ‘ഇയാള്‍ പറഞ്ഞത് കൊണ്ട് ഓകെ’ എന്നായിരുന്നു.
ഇരുവരോടും ഉള്ള സ്‌നേഹവും ആരാധനയും അറിയിച്ചുകൊണ്ടുള്ള വേറെ ചില കമന്റുകള്‍ക്കും അനുശ്രീ ഇമോജിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. അനുശ്രീയും ഉണ്ണിയും തമ്മില്‍ നല്ല മാച്ചാണ്, ഇവര്‍ റിയല്‍ ലൈഫിലും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ചില കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാം. എന്നാല്‍ അതിനോടൊന്നും അനുശ്രീ പ്രതികരിച്ചിട്ടില്ല.
എന്തിനാണ് പ്രമോഷന് വേണ്ടി ഇത്തരം ഗോസിപ്പുകള്‍ക്ക് അവസരം നല്‍കുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ജയ് ഗണേഷ് എന്ന സിനിമയുടെ ഒരു ഭാഗവും അല്ലാതിരുന്നിട്ടും അനുശ്രീയെ ഉണ്ണി മുകുന്ദനൊപ്പം വിളിച്ചിരുത്തി അഭിമുഖം നല്‍കുന്നതും, ഇങ്ങനെ വീഡിയോകള്‍ പുറത്തിറക്കുകയും ചെയ്യുന്നത് വഴി നിങ്ങള്‍ തന്നെയല്ലേ ഇത്തരം ഗോസിപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം.