NationalNews

പിഎം സൂര്യ ഘർ യോജന: എസ്ബിഐയിൽ നിന്നും വായ്പ ലഭിക്കും; ഇളവും നിബന്ധനകളും ഇങ്ങനെ

ന്യൂഡല്‍ഹി:ഇക്കഴിഞ്ഞ ഇടക്കാല ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പുരപ്പുറ സൗരോ‌‍ർജ പദ്ധതിയാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന. നേരത്തെ തുടങ്ങിവെച്ച വിവിധ സോളാർ പദ്ധതികൾ സംയോജിപ്പിച്ചാണ് ഈ പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. വൈദ്യുതി ചാർജ് ഇനത്തിൽ കുടുംബത്തിന് നഷ്ടമാകുന്ന പണം ലാഭിക്കാനും ഉപയോഗത്തിനു ശേഷം മിച്ചമുള്ള വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറി അധിക വരുമാനം നേടാനും സഹായിക്കുന്ന പദ്ധതി കൂടിയാണിത്.

വീടുകളിലെ മേൽക്കൂരയിൽ 3 കിലോവാട്ട് വരെ ഉത്പാദന ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനായി പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ സബ്സിഡി ലഭിക്കുന്നുണ്ട്. സ്ഥാപിക്കുന്ന സോളാർ പാനലുകളുടെ ശേഷിക്ക് ആനുപാതകിമായി പരമാവധി 78,000 രൂപ വരെ സബ്സിഡിയായി സർക്കാരിൽ നിന്നും ലഭിക്കും. അതേസമയം സബ്സിഡി തുക നേടുന്നതിനായി കുടുംബത്തിന്റെ വരുമാന പരിധി തടസ്സമല്ല എന്നത് പിഎം സൂര്യ ഘർ പദ്ധതിയുടെ ആകർഷക ഘടകവുമാകുന്നു.

പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിക്കാൻ സൗകര്യവും ശേഷിയും സ്വന്തമായി വീടുമുള്ള ഏതൊരു ഇന്ത്യൻ പൗരനും പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയിലേക്ക് അപേക്ഷിക്കാം. നിലവിൽ സാധുതയുള്ള ഒരു വൈദ്യുതി കണക്ഷൻ വീട്ടിലുണ്ടായിരിക്കണം. സർക്കാരിന്റെ കീഴിലുള്ള മറ്റ് പദ്ധതികളിൽ നിന്നു സബ്സിഡി ആനുകൂല്യത്തോടെ സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. അതേസമയം സബ്സിഡിക്ക് പുറമെ പിഎം സൂര്യ ഘർ പദ്ധതിയിലൂ‍ടെ സോളാ‍ർ പാനൽ സ്ഥാപിക്കുന്നതിന് പണം ആവശ്യമുണ്ടെങ്കിൽ എസ്ബിഐയിൽ നിന്നും വായ്പ ലഭിക്കുന്നതായിരിക്കും.

മൂന്ന് കിലോവാട്ട് ശേഷി വരെയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനായാണ് വായ്പ ആവശ്യമെങ്കിൽ ഉപഭോക്താവിന് പ്രത്യേകമായ വരുമാന നിബന്ധനയൊന്നുമില്ല. എന്നാൽ മൂന്ന് മുതൽ പത്ത് കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനായാണ് എസ്ബിഐയിൽ നിന്നും വായ്പ ആവശ്യമെങ്കിൽ, അപേക്ഷകന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിലധികം വേണം.

പുരപ്പുറത്ത് മൂന്ന് കിലോവാട്ട് വരെയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനായി പരമാവധി രണ്ട് ലക്ഷം രൂപ വരെ എസ്ബിഐയിൽ നിന്നും വായ്പ ലഭിക്കും. അതുപോലെ മൂന്ന് മുതൽ പത്ത് കിലോവാട്ട് വരെയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനു വേണ്ടി ആറ് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതായിരിക്കും.

മൂന്ന് കിലോവാട്ട് വരെയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനായി എടുക്കുന്ന വായ്പയുടെ 10 ശതമാനം തുകയാണ് ഉപഭോക്താവ് സ്വന്തം നിലയിൽ കണ്ടെത്തേണ്ടത് (മാർജിൻ പണം). സമാനമായി മൂന്ന് മുതൽ പത്ത് കിലോവാട്ട് വരെയുള്ള സോളാർ പാനലുകൾക്കായി ചെലവിടുന്ന മൊത്തം തുകയുടെ 20 ശതമാനം ഉപഭോക്താവ് സ്വന്തം നിലയിൽ കണ്ടെത്തണം.

മൂന്ന് കിലോവാട്ട് വരെയുള്ള സോളാർ പാനലുകൾക്കായി എടുക്കുന്ന ലോണിന് ഏഴ് ശതമാനം നിരക്കിലാകും പലിശ ഈടാക്കുക. മൂന്ന് മുതൽ പത്ത് കിലോവാട്ട് വരെയുള്ള സോളാർ പാനലുകൾക്കായി എടുക്കുന്ന വായ്പയ്ക്ക് 10.15 ശതമാനമാണ് പലിശ ഈടാക്കുക.

എസ്ബിഐ സൂര്യ ഘർ സ്കീമിൽ 65 വയസ്സ് വരെയുള്ളവർക്ക് സോളാർ പാനലിനു വേണ്ടിയുള്ള വായ്പയ്ക്കായി അപേക്ഷിക്കാം. എന്നിരുന്നാലും വായ്പ 70 വയസ്സിന് മുൻപ് തിരിച്ചടയ്ക്കണം എന്ന നിബന്ധനയുണ്ട്.

സോളാർ പാനലുകൾക്കായി എടുക്കുന്ന വായ്പ ലഭിക്കണമെങ്കിൽ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ 680-ന് മുകളിലായിരിക്കണം. എന്നിരുന്നാലും മറ്റ് ഏതെങ്കിലും വായ്പകളിൽ കുടിശിക വരുത്തിയവർക്കോ സിബിൽ സ്കോർ ഹിസ്റ്ററിയിൽ കടം എഴുതിത്തള്ളിയതായി രേഖപ്പെടുത്തിയിട്ടുള്ളവർക്കോ വായ്പ ലഭിക്കില്ല.

എസ്ബിഐ സൂര്യ ഘർ സ്കീമിലെ വായ്പയ്ക്ക് ബാങ്ക് പ്രോസസിങ് ഫീസ് ഈടാക്കുന്നതല്ല.മൂന്ന് കിലോവാട്ടിന് താഴെയുള്ള സോളാർ പാനലുകൾക്കായി എടുക്കുന്ന വായ്പയ്ക്കു പാൻ കാ‌ർഡ്/ ഇൻകം ടാക്സ് റിട്ടേൺ/ ഫോം 60 ഒന്നും സമർപ്പിക്കേണ്ടതില്ല. എന്നാൽ മൂന്ന് കിലോവാട്ട് ശേഷിക്ക് മുകളിലുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വായ്പ എടുക്കുന്നവർ ഈ രേഖകളിലൊന്ന് സമർപ്പിക്കണം.

എസ്ബിഐ സൂര്യ ഘർ സ്കീമിലെ വായ്പയിലെ തിരിച്ചടവ് കാലാവധി 10 വർഷം വരെയാണ്. ആറ് മാസക്കാലയളവിലെ മോറട്ടോറിയം കാലയളവ് ഉൾപ്പെടെയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker