‘കുടുംബം പോലെയുള്ള സുഹൃത്തുക്കൾ ഉൾപ്പെടുമ്പോൾ പ്രതികരിക്കേണ്ടിവരും’; തുറന്നടിച്ച് സായ് പല്ലവി
തന്റെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സായ് പല്ലവി. സിനിമയുടെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം നില്‍ക്കുന്ന സായ് പല്ലവിയുടെ ചിത്രം മുറിച്ചുമാറ്റിയാണ് വിവാഹചിത്രമായി പ്രചരിപ്പിച്ചത്. ഇത്തരം പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമാണെന്ന് നടി എക്‌സില്‍ കുറിച്ചു.
‘സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ കിംവദന്തികള്‍ ഗൗനിക്കാത്ത വ്യക്തിയാണ്. എന്നാല്‍ അതില്‍ കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കള്‍ ഉള്‍പ്പെടുമ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടിവരും. എന്റെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം മന:പൂര്‍വം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാല്‍ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചു. ജോലിസംബന്ധമായുള്ള സന്തോഷകരമായ കാര്യങ്ങള്‍ പങ്കിടാനുള്ളപ്പോള്‍ ഇത്തരം തൊഴിലില്ലാത്ത പ്രവര്‍ത്തികള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്.’ സായ് പല്ലവി കുറിപ്പില്‍ പറയുന്നു.
കുറച്ച് ദിവസം മുമ്പാണ് സായ് പല്ലവി തമിഴ് സംവിധായകനെ രഹസ്യവിവാഹം ചെയ്‌തെന്ന രീതിയില്‍ ചിത്രം പ്രചരിച്ചത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും സായ് പല്ലവിയും പൂമാലയിട്ട് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സായ് പല്ലവിയുടെ ഫാന്‍ ഗ്രൂപ്പുകളിലടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. സായ് പല്ലവി ഫാന്‍ഡം എന്ന പേജില്‍ ഈ പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കാണ് ലഭിച്ചത്. പലരും ഇരുവര്‍ക്കും ആശംസ അറിയിക്കുകയും ചെയ്തു.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞത്. കഴിഞ്ഞ മെയ് ഒമ്പതിന് സായ് പല്ലവിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ച് രാജ്കുമാര്‍ ഈ ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ നിന്ന് സിനിമയുടെ ക്ലാപ്പ് ബോര്‍ഡ് ഒഴിവാക്കി രാജ്കുമാറും സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്തെടുത്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.