കൊച്ചി:അമ്മ സംഘടനയിൽ അംഗങ്ങളായ സ്ത്രീകളോട് ഹേമ കമ്മീഷൻ വിവരങ്ങൾ ചോദിച്ചിട്ടില്ല എന്ന് നടി ലക്ഷ്മിപ്രിയ. ഡബ്ല്യു.സി.സി എന്ന സംഘടന തുടങ്ങിയിട്ട് എന്തുകൊണ്ടാണ് അമ്മയിലെ സ്ത്രീ മെമ്പർമാരെ അതിലേക്ക് ക്ഷണിക്കാത്തതെന്നും നടി ചോദിച്ചു. കൂടെ കിടന്നാലേ സിനിമയിൽ ചാൻസ് തരുകയുള്ളൂ എന്ന് തന്നോടാരും പറഞ്ഞിട്ടില്ല എന്നും ഹേമ കമ്മീഷന് മുന്നിൽ മൊഴി കൊടുത്തത് ആരൊക്കെയാണെന്ന് പറയണമെന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു.
“രണ്ടു മൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആകെ എരിവും പുളിയും മസാലയും. പ്രതികരിക്കാതെ ഇരിക്കാൻ ആവുന്നത്ര ശ്രമിച്ചു. പണ്ടേ മുഖം നോക്കാതെ പ്രതികരണവും അഹങ്കാരി എന്ന വിശേഷണവും അലങ്കാരമായി കൊണ്ടു നടക്കുന്നവൾ ആയതിനാൽ ഒന്നു രണ്ടു വിവരങ്ങൾ എഴുതണം എന്നു തോന്നി. ഈ ഹേമാ കമ്മീഷനെക്കുറിച്ച് ചോദിക്കുന്നതിനു മുൻപ് പലവട്ടം പലയിടത്തും സൂചിപ്പിച്ച ഒരു കാര്യം വീണ്ടും ആവർത്തിക്കുന്നു.
അല്പ കാലം മുൻപ് W C C വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന പേരിൽ ‘ സിനിമയുടെ സമസ്ത മേഖലയിലും ‘ ജോലി ചെയ്യുന്ന വനിതകൾക്കായി ഒരു സിനിമാ കൂട്ടായ്മ ഉണ്ടാകുന്നു എന്ന് ഒരു ‘ അമ്മ ‘ ജനറൽ ബോഡി മീറ്റിംഗിൽ ഗീതു മോഹൻ ദാസ് അനൗൺസ് ചെയ്യുന്നു. ആദരണീയനായ മമ്മൂട്ടി എന്താണ് വിമൻ ഇൻ സിനിമാ കളക്റ്റീവ് എന്നും അതിന് എന്തൊക്കെ സാധ്യതകൾ, അത്തരം ഒരു സംഘടനയുടെ ആവശ്യകത ഇവയെ എല്ലാം പറ്റി വിശദമായി സംസാരിക്കുകയും
വിമൻ ഇൻ സിനിമാ കളക്റ്റീവ് അമ്മയിൽ നിന്നും വിഭിന്നമായ ഒരു സംഘടന അല്ല, ആയതിനാൽ അമ്മയിലെ മുഴുവൻ സ്ത്രീകളും w c c യിൽ അംഗത്വം എടുക്കണം എന്ന് ആഹ്വാനം ചെയ്യുകയും ഞങ്ങൾ മുഴുവൻ അംഗങ്ങളും ഈ പ്രമേയം കയ്യടിച്ചു പാസാക്കുകയും അനന്തരം വളരെ വൈകാരികമായി w c c യ്‌ക്ക് അമ്മ നൽകിയ സപ്പോർട്ടിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്”
“പിന്നീട് എന്താണ് മേൽപ്പറഞ്ഞ സംഘടനയ്‌ക്ക് സംഭവിച്ചത്? അമ്മയിൽ നിന്നും എത്ര പേർക്ക് മെമ്പർഷിപ്പ് കൊടുത്തിട്ടുണ്ട്? നാളിതുവരെ എത്ര പേര് ആ സംഘടനയിൽ അംഗങ്ങളായി ഉണ്ട്? ഈ സംഘടന രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും മേൽപ്പറഞ്ഞ സംഘടന ഫേസ്ബുക്കിൽ അത് പറഞ്ഞു, ഇതു പറഞ്ഞു എന്ന് എഴുതി കാണുന്നതിന്റെ അടിസ്ഥാനത്തിൽ എന്റെ ഇന്റർവ്യൂ എടുത്ത മാധ്യമ പ്രവർത്തകൻ എന്നോട് ഈ സംഘടനയെപ്പറ്റി ചോദിച്ചപ്പോൾ ഞാൻ തിരിച്ചു ചോദിച്ച ചോദ്യങ്ങൾ,
എവിടെയാണ് ഈ സംഘടനയുടെ ആസ്ഥാനം? എന്താണ് അഡ്രസ്സ്? എന്താണ് ബൈലോ? എന്തുകൊണ്ട് ഞങ്ങളെ മെമ്പർമാർ ആക്കുന്നില്ല? ഇതിന് മറുപടിയായി സജിതാ മഠത്തിൽ സംഘടന ശൈശവ അവസ്ഥയിലാണ് എന്നും ഇപ്പറഞ്ഞ കാര്യങ്ങൾ ഒന്നും സംഘടനയ്‌ക്ക് ( ഒരു കൊല്ലം ആയിട്ടും) ആയിട്ടില്ല എന്നും ഞങ്ങളെ എല്ലാവരെയും ക്ഷണിക്കും എന്നും പറയുകയുണ്ടായി”
“കൊല്ലങ്ങൾ കഴിഞ്ഞിട്ടും ജ്യോതിയും വന്നില്ല, തീയും വന്നില്ല, അമ്മയിലെ സ്ത്രീകൾക്ക് ക്ഷണവും വന്നില്ല. ശേഷം അമ്മ മുൻകൈ എടുത്ത് എറണാകുളത്ത് വച്ച് ഞങ്ങൾ സ്ത്രീകൾക്ക് മാത്രമായി ഒരു യോഗം സംഘടിപ്പിക്കുകയും പല വിഷയങ്ങളെയും കുറിച്ച് ഓപ്പൺ ആയി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
2017 മുതൽ റിപ്പോർട്ട് തയ്യാറാക്കുവാൻ ആരംഭിച്ച ഹേമാ കമ്മീഷൻ മലയാള സിനിമയിലെ 90% സ്ത്രീകളും അംഗങ്ങൾ ആയ ‘ അമ്മയിലെ ‘ നടിമാരോട് എന്തേ ഒന്നും ആരാഞ്ഞിട്ടില്ല? 225 പേര് അമ്മയിൽ സ്ത്രീ മെംബേർസ് ആയി ഉണ്ട്. എന്റെ അറിവിൽ ഇവരിൽ ആരോടും കമ്മീഷൻ വിവരങ്ങൾ ആരാഞ്ഞിട്ടില്ല! എന്തുകൊണ്ട്? 7 കൊല്ലം എടുത്തിട്ടും എന്തുകൊണ്ടാണ് മുതിർന്ന അഭിനേത്രി ശാരദ കൂടി അംഗമായ കമ്മിറ്റി ഞങ്ങളെ വിളിക്കാതിരുന്നത്?”
“ആ റിപ്പോർട്ടിൽ ആരൊക്കെയാണ് മൊഴി കൊടുത്തത്? എത്രപേരുടെ മൊഴി എടുത്തിട്ടുണ്ട്? അവർ എത്രകാലം സിനിമയിൽ തുടരുന്നുണ്ട്?ഹേമാ കമ്മീഷൻ എന്നെ വിളിച്ചിരുന്നു എങ്കിൽ എനിക്ക് പറയാരുന്നു , കൂടെ കിടന്നാലേ ചാൻസ് തരൂ എന്നും മറ്റും എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മുറി വാതിൽക്കൽ ആരും തട്ടിയിട്ടില്ല. അങ്ങനെ ഉണ്ടായാൽ അവന്റെ പല്ലടിച്ചു കൊഴിക്കാനും ആ ചാൻസ് വേണ്ട എന്നും പറയാനും എനിക്കറിയാം. അങ്ങനെയുള്ള ഡിമാൻഡുകൾ ഉള്ള ചിത്രങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുണ്ടാവാം.. അതിൽ എനിക്ക് പരാതിയില്ല. സന്തോഷമേ ഉള്ളൂ”
“പിന്നെ, പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ടു തരാതെ ഇരിക്കുന്ന ചില വിദ്വാൻമാരെപ്പറ്റി എനിക്കു പറയാരുന്നു. പെണ്ണുങ്ങളെ കാണുമ്പോ അശ്ലീല കമെന്റ് പറയുന്നവരെപ്പറ്റി പറയാരുന്നു. ഒക്കത്തിലും എന്റെ പ്രതികരണവും അറിയിക്കാരുന്നു. ഒരുകാലത്ത് ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും നേരിട്ടിരുന്ന കാലത്ത് സ്ത്രീകൾ ഒക്കെ സഹിച്ചിട്ടുണ്ടാവാം.
ഇന്ന് ഈ പുരോഗമന കാലത്ത് ഇത്രയും വിദ്യാസമ്പന്നരായ സ്ത്രീകൾ ഉള്ളപ്പോൾ എന്തിനാണ് ഇത്തരം സഹനങ്ങൾ എന്ന് ചോദിക്കാമായിരുന്നു. കൂടെ കിടക്കാൻ ഒരു പെണ്ണും തയ്യാറായില്ല എങ്കിൽ ആണുങ്ങൾ പെൺവേഷം കെട്ടി അഭിനയിക്കുമോ എന്നും ചോദിച്ചേനെ. സർവ്വോപരി സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ മേഖലകളിലും ഇത്തരം കമ്മീഷനെ വച്ച് ഇത്തരം പഠന റിപ്പോർട്ട് എഴുതിക്കണം. കാരണം എല്ലാ മേഖലകളിലും സ്ത്രീകൾ ദുരിതം അനുഭവിക്കുന്നുണ്ടല്ലോ?”-ലക്ഷ്മി പ്രിയ പറഞ്ഞു.