ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സാവകാശം തേടി വിചാരണക്കോടതി. കേസിൽ വിധി പറയാൻ എട്ടു മാസം കൂടി വേണമെന്നും 2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നും സുപ്രീംകോടതിയിൽ വിചാരണക്കോടതി റിപ്പോർട്ടു നൽകി. സാക്ഷിവിസ്താരം മാത്രം പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണം.
ആറു സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തുനിന്നു അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണക്കോടതി റിപ്പോർട്ടിൽ പറയുന്നു. വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
കേസ് നീട്ടിക്കൊണ്ട് പോകാനാണ് അതിജീവിതയുടെ ഭാഗത്തിന്റെ ശ്രമമെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അതിജീവിത സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ദിലീപ് നിലപാട് അറിയിച്ചത്. മെമ്മറി കാർഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചതിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണത്തിനായാണ് നടി കോടതിയിൽ ഹർജി സമർപ്പിച്ചത്.
എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടെങ്കിലും അതിലെ ദൃശ്യങ്ങൾക്ക് കേടുപാടില്ലെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ടിലുണ്ടെന്നാണ് നടൻ ദിലീപിന്റെ വാദം. ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ല. ദൃശ്യങ്ങളിൽ മാറ്റമില്ലെന്നിരിക്കെ ഇത് എങ്ങനെയാണ് അന്വേഷിക്കുന്നത്? കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. ഇതനുവദിക്കരുതെന്നും നടൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.