‘നീ എന്റെ മോളായി പോയി, അല്ലായിരുന്നെങ്കില്‍..!’; ദൃശ്യം 2 കണ്ട അമ്മയുടെ പ്രതികരണം കേട്ട് ഞെട്ടിപ്പോയെന്ന് ആശ ശരത്ത്
കൊച്ചി:പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. അതോടൊപ്പം ഐ.ജി ഗീത പ്രഭാകറിന്റെ വേഷം അവതരിപ്പിച്ച നടി ആശ ശരത്തും. ചിത്രത്തിലെ ഓരോ രംഗവും അതി മനോഹരമാക്കാന്‍ ആശ ശരത്തിന് സാധിച്ചിരുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ജോര്‍ജ്ജു കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന രംഗമൊക്കെ വളരെ തന്മയത്വത്തോടെയാണ് ആശ അവതരിപ്പിച്ചത് എന്നാല്‍ താന്‍ ഏറെ പേടിച്ചുകൊണ്ടാണ് ആ രംഗം ചെയ്തതെന്ന് ആശ ശരത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ദൃശ്യം ഒന്നിനേക്കാള്‍ അഭിപ്രായം ദൃശ്യം 2 ന് ലഭിക്കുന്നുണ്ടെന്നാണ് പൊതുവെ അറിയുന്നതെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ ഒരുപാട് ആളുകള്‍ ഒരുമിച്ച് കണ്ടതുകൊണ്ടാണ് അതെന്നും ആശ ശരത്ത് പറഞ്ഞു. സാധാരണ ഒരു സിനിമ റിലീസായി കുറച്ച് പേര്‍ കണ്ട് അഭിപ്രായം പറഞ്ഞ് മറ്റുള്ളവര്‍ക്ക് കണ്ട് അങ്ങനെയാണല്ലോ.
ഇത് ഒരു രാത്രി റിലീസായി ലോകമെമ്പാടുമുള്ളവര്‍ ഒരുമിച്ച് കാത്തിരുന്ന് കാണുന്നു. അഭിപ്രായം പറയുന്നു. അതിന്റെ ഒരു ഇംപാക്ട് ഉണ്ട്. ദൃശ്യം 2 തിയേറ്ററില്‍ വരുന്നില്ല എന്ന് കേട്ടപ്പോള്‍ വളരെ സങ്കടമായിരുന്നെന്നും ദൃശ്യം 1 തിയേറ്ററില്‍ ഇരുന്ന് ആസ്വദിച്ചവരായിരുന്നു എല്ലാവരുമെന്നും ആശ പറയുന്നു.
ഒ.ടി.ടിയില്‍ ഇറങ്ങിയതിന്റെ പോസിറ്റിവിറ്റി വേറെയുണ്ട്. ലോകമെമ്പാടുമുള്ളവര്‍, മറ്റ് രാജ്യക്കാര്‍ അടക്കം ഉറ്റു നോക്കുന്ന ചിത്രമായിരുന്നു അത്. ഒ.ടി.ടി റിലീസ് ആയതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരുമിച്ച് കാണാനും അഭിപ്രായം പറയാനും സാധിച്ചു എന്നത് വലിയ കാര്യമാണ്.
ജോര്‍ജ്ജു കുട്ടിയെ അടിക്കുന്ന സീന്‍ കണ്ടപ്പോള്‍ എന്റെ അമ്മ പറഞ്ഞു ആ അടി വീണ സീന്‍ കണ്ടപ്പോള്‍ ‘നീ എന്റെ മോളായി പോയി, അല്ലായിരുന്നെങ്കില്‍ എനിക്ക് തിരിച്ചുതരാനാണ് തോന്നിയതെന്ന്’, അമ്മയുടെ പ്രതികരണം ഞെട്ടിച്ചു. ഓരോ മലയാളിക്കും അവരുടെ മുഖത്ത് അടിച്ച പോലെയാണ് അപ്പോള്‍ തോന്നിയത്. അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവര്‍ക്കും ജോര്‍ജ്ജുകുട്ടിയെ, ആശ ശരത്ത് പറയുന്നു.
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ അത് തന്നെയായിരുന്നു. സീന്‍ വായിച്ചപ്പോള്‍ എനിക്ക് കയ്യും കാലും വിറച്ചു. ഈ സീന്‍ നമുക്ക് ഒഴിവാക്കിക്കൂടെയെന്ന് ജീത്തൂ സാറിനോട് ചോദിച്ചു. അതുപോലെ എടോ എന്ന് ലാലേട്ടന്റെ കഥാപാത്രത്തെ വിളിക്കുന്നുണ്ട്. പിടിച്ച് തള്ളുന്നുണ്ട്. ജോര്‍ജ്ജുകുട്ടിയാണെങ്കിലും ലാലേട്ടനല്ലേ എന്നുള്ള ഒരു സാധാരണക്കാരിയുടെ, ഒരു ആരാധികയുടെ ടെന്‍ഷന്‍ എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ജീത്തൂ സര്‍ അത് കഥാപാത്രമാണെന്ന് മനസിലാക്കിത്തന്നു. ഭയങ്കര രസകരമായിട്ടാണ് ഞങ്ങള്‍ അത് ഷൂട്ട് ചെയ്തത്. പക്ഷേ ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.
പിന്നെ ലാലേട്ടന്‍ ടൈമിങ്ങിന്റെ കിങ് അല്ലേ. ഞാന്‍ കൈ വെക്കുമ്പോഴേക്ക് ലാലേട്ടന്‍ മുഖം മാറ്റും. ഒരു ടേക്കില്‍ ശരിയാകണേ വീണ്ടും വീണ്ടും ചെയ്യേണ്ടി വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ചെയ്തത്. അതുപോലെ ഒറ്റ ടേക്കില്‍ ശരിയായി. പിന്നെ അതിന്റെ ലോങ് ഷോട്ടും ക്ലോസിനും വേണ്ടി വീണ്ടും എടുത്തിരുന്നു. ലാലേട്ടനല്ലായിരുന്നു, എനിക്കായിരുന്നു ആ സമയത്ത് ഭയം എന്നും ആശ ശരത്ത് പറയുന്നു.