EntertainmentKeralaNews

നാല് വര്‍ഷക്കാലം സിനിമ ഇല്ലാതെ വീട്ടില്‍ തന്നെ ആയിരുന്നു; ദൃശ്യം 2വിലേയ്ക്ക് അവസരം കിട്ടിയപ്പോള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു

കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ദൃശ്യം 2 പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 വന്‍ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത് അന്‍സിബയായിരുന്നു. ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്ജുവിനെ അവതരിപ്പിച്ച അന്‍സിബയും ഏറെ കൈയ്യടി നേടി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍സിബ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഈ രണ്ടാം വരവില്‍ അന്‍സിബ മികവുറ്റ പ്രകടനമാണ് ദൃശ്യം 2വില്‍ കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മടങ്ങി വന്നതിനെ കുറിച്ചുമെല്ലാം അന്‍സിബ മനസ് തുറക്കുകയാണ്. ദൃശ്യം 2വിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും അന്‍സിബ വാചാലയായി.

കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല. ദൃശ്യത്തിന് ശേഷം മൂന്നോ നാലോ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചില്ല. അങ്ങനെയാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അന്‍സിബ പറയുന്നു. ഇനി സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.

സിനിമ വേണ്ടെന്ന് തീരുമാനിച്ച അന്‍സിബ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിഎസ്സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ദൃശ്യം 2 എന്നത് എല്ലാവരേയും പോലെ തന്റെ മനസിലുമുണ്ടായിരുന്നില്ലെന്നും അന്‍സിബ പറയുന്നു. ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് മാത്രമാണ് അറിയുന്നതെന്നും ഒന്നര മണിക്കൂറു കൊണ്ട് തിരക്കഥ വായിച്ചു തീര്‍ത്തുവെന്നും അന്‍സിബ പറയുന്നു.

തിരക്കഥ വായിക്കുമ്പോള്‍ അപസ്മാര രോഗിയായി അഭിനയിക്കുന്നതില്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്ന് അന്‍സിബ പറയുന്നു. അഭിനയത്തില്‍ അനുഭവ സമ്പത്ത് കുറവായിരുന്നു. റഫറന്‍സിനായി മറ്റ് സിനിമകള്‍ നോക്കിയെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും അന്‍സിബ ഓര്‍ക്കുന്നു. പിന്നീട് താന്‍ പല ഡോക്ടര്‍മാരെയും കണ്ട് സംസാരിച്ചെന്നും ഷൂട്ടിങ്ങിന് മുമ്പ് നടത്തിയ ഈ റിസര്‍ച്ച് അഭിനയത്തില്‍ സഹായമായെന്നും അന്‍സിബ പറയുന്നു. ഇപ്പോള്‍ സിനിമയ്ക്കും തന്റെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ അന്‍സിബ നന്ദി പറയുന്നത് ജീത്തു ജോസഫിനാണ്. ഇത്രയും സാധ്യതയുള്ളൊരു കഥാപാത്രം നല്‍കിയതിന്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. യാതൊരു ബന്ധമില്ലാത്തവര്‍ പോലും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. വലിയൊരു താരനിരയുടെ ഇടയില്‍ നിന്നും ശ്രദ്ധിക്കുന്നുവെന്നത് പ്രധാനമായി കാണുന്നുവെന്നും അന്‍സിബ വ്യക്തമാക്കി.

അതേസമയം, വന്‍ സ്വീകരണമാണ് ദൃശ്യം 2വിന് ലഭിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളാണ്. ഇതിനിടെ രണ്ടാം ഭാഗവും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണെന്ന് ജീത്തു തന്നെ അറിയിച്ചിരുന്നു. വെങ്കടേഷും മീനയും പ്രധാന കഥാപാത്രങ്ങളായി മടങ്ങിയെത്തും. ജീത്തു തന്നെയായിരിക്കും തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുക. പിന്നാലെ മറ്റ് ഭാഷകളിലും റീമേക്കുകള്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker