ടാഗ് ചെയ്യരുത്’; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് നടി അഞ്ജു കൃഷ്ണ
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താൻ അല്ലെന്ന് അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് എല്ലാറ്റിനും കാരണമെന്നും കാര്യമറിയാതെ പലരും സോഷ്യൽ മീഡിയയിൽ തന്നെ ടാഗ് ചെയ്യുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
കുറ്റക്കാരെ ടാഗ് ചെയ്യുന്നതിന് പകരം തന്നെ മാധ്യമങ്ങളടക്കം ടാഗ് ചെയ്യുകയാണ്. ഇത് തനിക്കും കുടുംബത്തിനും തമാശക്കാര്യമല്ലെന്നും ഇത്തരം ടാഗുകള്‍ നീക്കം ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അഞ്ജു കൃഷ്ണ താക്കീത് നൽകുന്നുണ്ട്. ചൊവ്വാഴ്ചയാണ് എം.ഡി.എം.എയുമായി അഞ്ജു കൃഷ്ണ എന്ന നാടക നടി പിടിയിലാകുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വാഡിന്റെ പരിശോധനയിലായിരുന്നു അറസ്റ്റ്.
ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് വെള്ളിത്തിരയിൽ എത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്‌പ്പോള എന്നീ ചിത്രങ്ങളിലും അഞ്ജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ ഇവർ പല മാഗസീനുകളും കവർ ഗേൾ ആയി എത്തിയിരുന്നു.