കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി നടന്‍ മാധവന്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ്. പ്രിയക്ക് അഭിനന്ദനവുമായി നടന്‍ മാധവന്‍. ഐ.എം ശുഭം എന്ന അക്കൗണ്ടില്‍ പ്രിയയെ അഭിനന്ദിച്ചുകൊണ്ട് വന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് മാധവന്‍ തന്റെ കടുത്ത ആരാധിക കൂടിയായ പ്രിയക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ചെറുപ്പം മുതല്‍ ആരാധനയോടുകൂടി നോക്കികണ്ടിരുന്ന താരത്തില്‍ നിന്നും അഭിനന്ദനം കിട്ടിയതോടെ പ്രിയയും ഏറെ സന്തോഷത്തിലാണ്. സമൂഹമാധ്യമം വഴി പോസിറ്റീവായ പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രിയ പറഞ്ഞു.
‘ജിനു ശശിധരനി’ല്‍ നിന്ന് പ്രിയയിലേക്കുള്ള മാറ്റത്തിന്റെ സമയങ്ങളില്‍ എന്നെ അലട്ടിയ ആശങ്കകളില്‍ ഒന്നായിരുന്നു സമൂഹം എന്റെ തീരുമാനത്തെ എങ്ങനെ അംഗീകരിക്കും എന്നത്. സമൂഹത്തിന്റെ പ്രതികരണം നെഗറ്റീവ് ആയിരുന്നെങ്കില്‍ അത് എന്നെ വളരെയധികം ബാധിക്കുമായിരുന്നു. എല്ലാ ഭാഗത്തു നിന്നും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണുമ്‌ബോള്‍ വളരെ പ്രതീക്ഷ തോന്നുന്നുണ്ട്’- പ്രിയ പറഞ്ഞു.
തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് പ്രിയ. ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്കിടയില്‍ പ്രിയ കടന്നുപോയത് സംഘര്‍ഷഭരിതമായ അവസ്ഥകളിലൂടെയായിരുന്നു. അവിടെയെല്ലാം മാതാപിതാക്കള്‍ തന്നെ വളരെയധികം പിന്തുണച്ചതായും അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും പ്രിയ പറയുന്നു.
തൃശൂര്‍ സീതാറാം ആശുപത്രിയിലാണ് ആയുര്‍വേദ ഡോക്ടറായ പ്രിയ ജോലി ചെയ്യുന്നത്. മോഹിച്ച ജീവിതം യാഥാര്‍ത്ഥ്യമായതിന്റെ കൗതുകത്തിലും ലഹരിയിലും ആണ് ഈ യുവ ഡോക്ടര്‍.