നടൻ ബിൽ കോബ്‌സ് അന്തരിച്ചു
കാലിഫോര്‍ണിയ: ഹോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ബില്‍ കോബ്‌സ് (90) അന്തരിച്ചു. കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലെ വസതിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
1934 ല്‍ ഒഹായോയിലെ ക്ലീവ്‌ലാന്റിലാണ് ബില്‍ കോബ്‌സ് ജനിച്ചത്. മാതാപിതാക്കള്‍ കെട്ടിട നിര്‍മാണ തൊഴിലാളികളായിരുന്നു. യു.എസ് എയര്‍ ഫോഴ്‌സില്‍ റഡാര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന കോബ്‌സ് 1960 കളുടെ അവസാനത്തില്‍ അഭിനയ മോഹവുമായി ന്യൂയോര്‍ക്കിലേക്ക് താമസം മാറുകയായിരുന്നു. ടാക്‌സി ട്രൈവറായും കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരനായും ആദ്യകാലത്ത് ഉപജീവനമാര്‍ഗം കണ്ടെത്തിയത്.
ആഫ്രിക്കന്‍ അമേരിക്കന്‍ പെര്‍ഫോമിങ് ആര്‍ട്ട്‌സെന്ററിന്റെ നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1974 ല്‍ ദ ടേക്കിങ് ഓഫ് പെലം വണ്‍ ടു ത്രീ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ദ ഹിറ്റലര്‍, ദ ബ്രദര്‍ ഫ്രം അനതര്‍ പ്ലാനെറ്റ്, നൈറ്റ് അറ്റ് ദ മ്യൂസിയം, ഐ വില്‍ ഫ്‌ലൈ എവേ, തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
സിനിമയിലേതുപോലെ ടെലിവിഷന്‍ രംഗത്തും കോബ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി. ഡിനോ ഡനാ എന്ന സീരീസിലൂടെ ടേ ടൈം എമ്മി പുരസ്‌കാരം ലഭിക്കുകയും ചെയ്തു.2020 ല്‍ റിലീസ് ചെയ്ത ബ്ലോക്ക് പാര്‍ട്ടിയാണ് അവസാനം വേഷമിട്ട ചിത്രം.