FeaturedHome-bannerKeralaNewsNews

നീതിനിഷേധം; ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തി താനെന്ന് അബ്ദുള്‍ നാസര്‍ മഅദനി

ബെംഗളൂരു: ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെം​ഗളൂരുവിൽ വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅദനി തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

നമ്മുടെ രാജ്യത്തിന്റെ നീതി സംവിധാനത്തിന് അപമാനകരമാണ് ഇത്തരത്തില്‍ വിചാരണ തടവുകാരായിട്ട് ദീര്‍ഘകാലം വ്യക്തികളെ തടവിൽ വച്ചിരിക്കുന്നതെന്ന് മഅദനി പറഞ്ഞു. എന്നിട്ട് പിന്നീട് നിരപരാധികളാണെന്ന് പറയുക. ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താൻ. ഇത് നേരിടാന്‍ മാനസികമായി തയ്യാറെടുപ്പ് ഉള്ള വ്യക്തിയാണ്. കേസിൽ കുടുക്കി ഇങ്ങോട്ട് വരുമ്പോള്‍ തന്നെ പെട്ടെന്ന് മടങ്ങി പോകാന്‍ സാധിക്കില്ല എന്ന് അറിയാമായിരുന്നു. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി കൂട്ടിച്ചേർത്തു.

12 ദിവസമാണ് അദ്ദേഹം കേരളത്തിൽ തങ്ങുക. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കണ്ട് മടങ്ങാൻ കഴിയുക എന്നതാണ് നിലവിൽ മുന്നിലുള്ള പദ്ധതി. തന്റെ ആരോഗ്യസ്ഥിതിയും വളരെ മോശമാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഈ വിഷയത്തില്‍ പ്രതികൂലമായിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അബ്ദുൾ നാസർ  മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയിൽ ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കർണാടക പൊലീസ് കത്ത് നൽകിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.

അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കിയത്.

ഇതോടെ ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മഅദനിയുടെ കുടുംബം വ്യക്തമാക്കി. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് നിലവിലെ സൂചന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button