ചാലക്കുടി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുമ്പോള്‍ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകന്‍ അബ്ദുൾബാസിദാ(21)ണ് മരിച്ചത്. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എം.എസ്.എഫ്. മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കുമിടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. തെറിച്ചുവീണ ബാസിദിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. അഞ്ചുപേരും കാസര്‍കോട് ചെറക്കുളം ജി.എച്ച്.എസ്.എസില്‍ ഒരുമിച്ചുപഠിച്ചതാണ്.
ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നിൽനിന്നു വന്ന തീവണ്ടി കണ്ട് മറ്റുള്ളവർ നടുവിലെ പാളത്തിലേക്ക് മാറിയെങ്കിലും ഏറ്റവും പിന്നിലായിരുന്ന ബാസിദ് അപകടത്തിൽപ്പെട്ടു. തെറിച്ചുവീണ യുവാവിനെ കൂട്ടുകാർ ഓട്ടോറിക്ഷയിലാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ വർഷമാണ് അബ്ദുൾബാസിദ് ചട്ടഞ്ചാല്‍ എം.ഐ.സി. കോളേജിൽനിന്ന് ഡിഗ്രിപഠനം പൂർത്തിയാക്കിയത്. മുഹമ്മദ് തായലിന്റെയും ഹസീനയുടെയും മകനാണ്. സഹോദരങ്ങൾ: അജിനാസ് (വിദ്യാർഥി), മിൻഷാന, അനഫാത്തിമ (വിദ്യാർഥിനി). മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ബാസിദും കൂട്ടുകാരും വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍മത്സരം കാണാനെത്തിയതാണ്. ശനിയാഴ്‌ച എറണാകുളത്ത് കാഴ്ചകള്‍ കാണുന്നതിനായി തങ്ങിയശേഷം രാത്രി 12.30-ന് മംഗലാപുരം അന്ത്യോദയ ട്രെയിനില്‍ എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് ടിക്കറ്റെടുത്ത് കയറി.
തീവണ്ടി 1.30-ന് ചാലക്കുടി സ്റ്റേഷന്‍ പിന്നിട്ട് അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലൊരാളായ ആബിദിന്റെ ഫോണ്‍ കൈ തെറ്റി ട്രെയിനിന് പുറത്തേക്ക് വീണു. ഉടന്‍ ഫോൺ വീണ സ്ഥലത്തിന്റെ ഫോട്ടോയെടുത്തു. തുടർന്ന് തൃശ്ശൂരില്‍ തീവണ്ടിയിറങ്ങി ചാലക്കുടിയിലേക്ക് ഫോണ്‍ തിരക്കിപ്പോകാന്‍ സംഘം തീരുമാനിച്ചു.
തൃശ്ശൂർ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെത്തി ബസിൽ ചാലക്കുടിയിലെത്തി. റെയില്‍വെ സ്റ്റേഷനിലെത്തി ഫോണിലെ സ്ഥലത്തിന്റെ ഫോട്ടോ കാണിച്ച് സ്ഥലം ഏകദേശം മനസ്സിലാക്കി. പാളത്തിലൂടെ നടന്ന് തിരയുകയായിരുന്നു. ഏകദേശം നാല് കിലോമീറ്റര്‍ കൂട്ടുകാർ നടന്നു. അപകടം നടന്ന സ്ഥലത്തെത്തിയപ്പോൾ രണ്ടുവശത്തുനിന്നും ട്രെയിനുകള്‍ വരുകയായിരുന്നു.
വില കൂടിയ ഫോണ്‍ നഷ്ടപ്പെട്ടതിനാലാണ് തിരഞ്ഞുപോകാൻ തീരുമാനിച്ച് തൃശ്ശൂരില്‍ ഇറങ്ങിയതെന്ന് കൂട്ടുകാർ പറയുന്നു. തിരികെ ചാലക്കുടിയിലേക്കുള്ള തീവണ്ടി വൈകുമെന്ന് അറിഞ്ഞതിനാലാണ് കെ.എസ്.ആര്‍.ടി.സി. ബസില്‍ പുറപ്പെട്ടത്. ചാലക്കുടി റെയില്‍വെ സ്റ്റേഷനിൽ ബാഗ് ഏൽപ്പിച്ചശേഷമായിരുന്നു തിരച്ചിൽ.