KeralaNews

‘ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക്, മറ്റാരുടെയും സഹായമില്ല’; പൊലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കെന്ന് പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു. കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്. 
ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു. ബോംബ് നിർമിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്. 
ഫോർമാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതൽ വിവരങ്ങൾ യൂടൂബിൽ നിന്ന് പഠിച്ചു. 
ഇയാളുടെ യുട്യൂബ് ലോഗിൻ വിവരങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിക്കുന്നു. 

നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിൻ്റെ നമ്പർ ഒരാൾ പൊലീസിനെ അറിയിച്ചതായാണ് വിവരം. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയപ്പെട്ട് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് നിഗമനം. അതിനിടെ, മുഖ്യമന്ത്രി ഉച്ചയോടെ കളമശ്ശേരിയിൽ എത്തും.

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു.  മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ,  മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25ഓളം പേർ ചികിത്സയിലാണ്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. കുമാരിയെനേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല. 

ലയോണയെ കാണാത്തതിനെതുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker