KeralaNews

യേശു സര്‍വശക്തനായ ദൈവമല്ല,ഈസ്റ്റര്‍, ക്രിസ്മസ്, ജന്മദിനങ്ങള്‍ എന്നിവയൊന്നും ആഘോഷിക്കില്ല;ചികിത്സ തേടും,രക്തം സ്വീകരിക്കില്ല’യഹൂദരുമായി ബന്ധമില്ലാത്ത യഹോവയുടെ സാക്ഷികൾ’

കൊച്ചി: മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തരായി ജീവിക്കുന്ന ക്രൈസ്തവ വിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ലോകത്തിന്റെ സ്രഷ്ടാവായി ബൈബിള്‍ പറയുന്ന പിതാവായ ദൈവം അഥവാ യഹോവയിലാണ് അവര്‍ വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശുവിനെ അവര്‍ പിന്‍പറ്റുന്നുണ്ടെങ്കിലും യേശു സര്‍വശക്തനായ ദൈവമല്ലെന്ന് കരുതുന്നു.

ദൈവത്തിന്റെ സ്വന്തജനമായി ഇസ്രയേലിനെ കാണാന്‍ കഴിയില്ലെന്ന് യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ പറയുന്നു. യഹൂദരുമായി യഹോവയുടെ സാക്ഷികള്‍ക്ക് നേരിട്ടുബന്ധമില്ല.ത്രിത്വ (പിതാവ്-പുത്രന്‍-പരിശുദ്ധാത്മവ്) ത്തിലും ഇവര്‍ വിശ്വസിക്കുന്നില്ല. കുരിശിനെയോ മറ്റു വിഗ്രഹങ്ങളെയോ വണങ്ങില്ല. ലോകാവസാനം ആസന്നമാണെന്ന് ഇവര്‍ കരുതുന്നു. 1914-ല്‍ അന്ത്യകാലം തുടങ്ങിയെന്നും ലോകത്തിന്റെ അവസാനം എന്നാല്‍, ഭൂമി ഇല്ലാതാകുകയല്ല മറിച്ച്, ദൈവവിചാരമില്ലാത്ത മനുഷ്യരുടെ നാശമാണ് സംഭവിക്കുയെന്നുമാണ് ഇവരുടെ വിശ്വാസം.

മനുഷ്യരുടെ നേതൃത്വത്തിലുള്ള എല്ലാ സര്‍ക്കാരുകളും നീക്കപ്പെടുമെന്നും തുടര്‍ന്ന് ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റുമെന്നുമാണ് വിശ്വാസം. ആളുകള്‍ മരിച്ചതിനുശേഷം നരകത്തില്‍ പീഡനം അനുഭവിക്കേണ്ടിവരുമെന്ന് ഇവര്‍ വിശ്വസിക്കുന്നില്ല. ഇവര്‍ മറ്റുള്ളവരില്‍നിന്ന് രക്തം സ്വീകരിക്കില്ല. ശസ്ത്രക്രിയയ്ക്കും മറ്റും രക്തംകൂടാതെയുള്ള മാര്‍ഗങ്ങളാണ് തേടാറുള്ളത്. ജീവനെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിട്ടാണ് ദൈവം രക്തത്തെ കാണുന്നതെന്ന് ഇവര്‍ പറയുന്നു.

മറ്റ് ചികിത്സകള്‍ സ്വീകരിക്കുന്നതിനോ വാക്‌സിന്‍ എടുക്കുന്നതിനോ തടസ്സമില്ല.പരസ്ത്രീ/ പരപുരുഷ ബന്ധം മാത്രമേ വിവാഹമോചനത്തിനുള്ള അടിസ്ഥാനമായി കാണുന്നുള്ളൂ. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ല. സൈനികസേവനം നടത്തില്ല. ഈസ്റ്റര്‍, ക്രിസ്മസ്, ജന്മദിനങ്ങള്‍ എന്നിവയൊന്നും ആഘോഷിക്കില്ല.

സ്‌കൂളില്‍ ദേശീയഗാനം പാടില്ലെന്ന് ഈ വിഭാഗത്തിലെ മൂന്നുകുട്ടികള്‍ നിലപാടെടുത്തത് 1985-ല്‍ കേരളത്തില്‍ വിവാദമായിരുന്നു. കോട്ടയം കിടങ്ങൂരുള്ള എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ മൂവരെയും സ്‌കൂളില്‍നിന്നു പുറത്താക്കി. ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കും. എന്നാല്‍, ദേശീയഗാനം പാടില്ല.

സുപ്രീംകോടതിവരെ നിയമപ്പോരാട്ടം നീണ്ടു. പരമോന്നത കോടതി കുട്ടികള്‍ക്കനുകൂലമായാണ് വിധിച്ചത്. 2020-ല്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രി നൈജീരിയില്‍നിന്നുള്ള ഒരു വിശ്വാസിക്ക് രക്തമോ രക്തഘടകങ്ങളോ ഇല്ലാതെ കരള്‍ മാറ്റിവെച്ചതായി പ്രഖ്യാപിച്ചിരുന്നു.

1870ല്‍ ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന ബൈബിള്‍ ഗവേഷകന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പെനിസില്‍വാനിയയില്‍ തുടങ്ങിയ ബൈബിള്‍ പഠനസംഘം 1876-ല്‍ ബൈബിള്‍ വിദ്യാര്‍ഥികള്‍ എന്ന സംഘടന രൂപവത്കരിച്ചു. 1881-ല്‍ സീയോനിന്റെ വാച്ച്ടവര്‍ സൊസൈറ്റി എന്ന നിയമപരമായ കോര്‍പ്പറേഷന്‍ തുടങ്ങി.

1931-ല്‍ ഒഹായോയില്‍ നടന്ന സമ്മേളനത്തില്‍ യഹോവയുടെ സാക്ഷികള്‍ എന്ന പേരു സ്വീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ആണ് ആസ്ഥാനം. ശമ്പളം പറ്റാത്ത മൂപ്പന്‍മാ(പയനിയര്‍)രാണ് ഓരോസ്ഥലത്തും സഭകള്‍ നയിക്കുന്നത്. 1911-ല്‍ റസ്സല്‍ തിരുവനന്തപുരത്തു വന്ന സ്ഥലമാണ് റസ്സല്‍പുരം എന്നറിയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker