29.1 C
Kottayam
Sunday, September 22, 2024

അന്ന് ഡൽഹി തെരുവിലൂടെ വലിച്ചിഴച്ചവർ കണ്ടോളൂ! പെണ്ണിന്റെ മാനത്തിന് വിലപറഞ്ഞവര്‍ക്ക് മറുപടി നല്‍കാന്‍ അവളിന്ന് പാരീസിലുണ്ട്

Must read

പാരീസ്: ചാമ്പ് ഡെ മാഴ്‌സ് അരീനയിലെ റെസ്ലിങ് മാറ്റില്‍ ഇന്ത്യന്‍ ഗുസ്തിയുടെ ചരിത്രമെഴുതിച്ചേര്‍ത്തിരിക്കുകയാണ് വിനേഷ് ഫോഗട്ട് എന്ന ഹരിയാണക്കാരി. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെതിരേ ആധികാരിക ജയത്തോടെ (5-0) ഫൈനലില്‍ കടന്ന വിനേഷ്, ഒരു സ്വര്‍ണമോ വെള്ളിയോ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമായി. പാരീസിലെ വേദിയില്‍ രാജ്യത്തിന്റെ അഭിമാന താരമായി നില്‍ക്കുമ്പോള്‍ രാജ്യമെങ്ങും അവളുടെ പേര് ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ ഒരുപക്ഷേ അവളുടെ കാതില്‍ മുഴങ്ങിയിട്ടുണ്ടാകുക പോലീസ് ലാത്തിയുടെ ശബ്ദമായിരിക്കാം.

ഇന്ന് വിനേഷ് അഭിമാനമെന്ന് ഉറക്കെപ്പറയുന്നവര്‍ ഓര്‍ക്കുന്നുണ്ടോ മാസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയിലെ സമരപ്പന്തലില്‍ ഇന്ത്യയുടെ അഭിമാന താരങ്ങള്‍ തങ്ങളുടെ ആത്മാഭിമാനത്തിന് പോലും വിലപറയേണ്ടി വന്ന ദിനങ്ങളെപ്പറ്റി. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ രാജ്യതലസ്ഥാനത്ത് നയിച്ച ആ സമരം നമുക്കെങ്ങനെയാണ് മറക്കാന്‍ സാധിക്കുക.

ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി. എം.പി.യും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായാണ് ലോകചാമ്പ്യനായിരുന്ന വിനേഷ് ഫോഗട്ടിനൊപ്പം റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ടോക്യോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബജ്റംഗ് പുണിയ തുടങ്ങിയവര്‍ തെരുവിലിറങ്ങിയത്.

2012 മുതല്‍ 2022 വരെ വ്യത്യസ്തസംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേ ഉള്‍പ്പെടെ ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണി തുടങ്ങി ഒട്ടേറെ പരാതികള്‍ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പെടെ ഏഴുപേര്‍ ബ്രിജ്ഭൂഷണെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെ ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തെരുവിലെത്തി.

2023-ല്‍ ഇന്ത്യന്‍ കായികരംഗത്തെ തന്നെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു ആ സമരം. ഇക്കാര്യത്തില്‍ അന്വേഷണത്തിന് മേരി കോമിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയും രൂപീകരിച്ചു. തുടര്‍ന്ന് ബ്രിജ്ഭൂഷണെതിരേ നടപടിയുണ്ടാകുമെന്ന അന്നത്തെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പിന്‍മേല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

മൂന്നുമാസമായിട്ടും നടപടിയുണ്ടാകാതെവന്നതോടെ ഏപ്രിലില്‍ ജന്തര്‍ മന്തറില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. ഒട്ടേറെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും കര്‍ഷകത്തൊഴിലാളി സംഘടനകളും ഹരിയാണ ഗ്രാമങ്ങളില്‍നിന്നുള്ള ഖാപ് പഞ്ചായത്ത് അംഗങ്ങളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജന്തര്‍ മന്തറിലെത്തി. ഇതിനിടെ താരങ്ങളെ കാണാന്‍ സമരപ്പന്തലിലെത്തിയ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയ്ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും ഗുസ്തി താരങ്ങളുടെ പ്രതിഷേധമുണ്ടായി. മാര്‍ച്ച് നടത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. അന്ന് ഡല്‍ഹി പോലീസ് തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന വിനേഷ് അടക്കമുള്ള താരങ്ങളുടെ ചിത്രം ആരും മറക്കാനിടയില്ല. പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാന്‍വരെ താരങ്ങള്‍ ഒരുങ്ങിയെങ്കിലും ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ അനുനയിപ്പിക്കുകയായിരുന്നു.

ഇതിനിടെ ഓഗസ്റ്റില്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് (യു.ഡബ്ല്യു.ഡബ്ല്യു) അസോസിയേഷന്‍ സസ്‌പെന്‍സ് ചെയ്യുകയും പിന്നാലെ ഡിസംബറില്‍ അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അതിലെ ഫലവും നീതിക്കുവേണ്ടി സമരംചെയ്യുന്നവര്‍ക്ക് അനുകൂലമായിരുന്നില്ല. ഡിസംബര്‍ അവസാനംനടന്ന തിരഞ്ഞെടുപ്പില്‍, സമരക്കാരുടെ പിന്തുണയുണ്ടായിരുന്ന അനിത ഷിയോറനെ തോല്‍പ്പിച്ച് ബ്രിജ്ഭൂഷണിന്റെ അടുത്ത അനുയായി സഞ്ജയ് സിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

തൊട്ടുപിന്നാലെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിനുശേഷം ഷൂസ് ഊരിവെച്ച് കണ്ണീരോടെയാണ് സാക്ഷി ഇറങ്ങിപ്പോയത്. ബജംറംഗ് പുണിയ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം രാജ്യതലസ്ഥാനത്ത് കര്‍ത്തവ്യപഥില്‍ ഉപേക്ഷിച്ചു.

ഭാരവാഹി തിരഞ്ഞെടുപ്പിനുവേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച്, കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും താരങ്ങള്‍ ഉയര്‍ത്തിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടില്ല.ആ കൂട്ടത്തില്‍ വിനേഷിന് മാത്രമാണ് പാരീസിലേക്ക് പറക്കാനായത്. ഒരു ജയമകലെ അവളെ കാത്തിരിക്കുന്നത് ചരിത്രമാണ്. അഭിനവ് ബിന്ദ്രയ്ക്കും നീരജ് ചോപ്രയ്ക്കും ശേഷം മറ്റൊരു വ്യക്തിഗത സ്വര്‍ണം രാജ്യത്തെത്തുമോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച പറ്റി; റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ...

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

Popular this week