തിരുവനന്തപുരം: തുമ്പ നെഹ്റു ജംഗ്ഷനിലുണ്ടായ ബോംബേറിൽ ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്.ഷെബിൻ നിരവധി കേസുകളിൽ പ്രതിയാണ്.അക്രമികൾ ബോംബെറിയാനായി ഉപയോഗിച്ച ഒരു സ്കൂട്ടർ കണ്ടെടുത്തിട്ടുണ്ട്. അതേസമയം പ്രതികൾക്കായുള്ള തിരച്ചിലിനിടെ തുമ്പ കിൻഫ്രയ്ക്ക് സമീപമുള്ള ആളില്ലാത്ത വീട്ടിൽ നിന്ന് നാല് നാടൻ ബോംബുകളും ഒരു വെട്ടുകത്തിയും കണ്ടെടുത്തു.കഴക്കൂട്ടം പോലീസിൻ്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
നേരത്തേ രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് ഞായറാഴ്ച രാവിലെ നാടൻ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. തുമ്പ നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ബോംബേറ് നടത്തിയത്. വിദേശത്തായിരുന്ന സുനി ഈയടുത്താണ് നാട്ടിലെത്തിയത്.
ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം നടന്നത്. തുമ്പ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.