കൊച്ചി: സ്വര്‍ണവില കേരളത്തില്‍ തുടര്‍ച്ചയായി കുറയുകയാണ്. നേരിയ തോതിലാണ് ഓരോ ദിവസവും വില ഇടിയുന്നത്. എന്നാല്‍ ഒരാഴ്ചത്തെ കണക്ക് നോക്കുമ്പോള്‍ വലിയ തോതിലുള്ള വില മാറ്റം പ്രകടമാണ്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് പത്തിന് ആയിരുന്നു. ആ വിലയിലേക്ക് തന്നെ സ്വര്‍ണം തിരിച്ചെത്തുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 52600 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 200 രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6575 രൂപയിലെത്തി. കഴിഞ്ഞ ദിവസവും പവന് 200 രൂപ കുറഞ്ഞിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 52560 രൂപയായിരുന്നു. നിലവിലുള്ള വിലയില്‍ നിന്ന് 40 രൂപ കൂടി കുറഞ്ഞാല്‍ ആ വിലയിലേക്ക് എത്തും. 17ാം ദിവസമാണ് കുറഞ്ഞ വിലയിലേക്ക് സ്വര്‍ണം വീണ്ടും അടുക്കുന്നത്.
എന്താണ് സ്വര്‍ണവില കുറയാന്‍ കാരണം എന്ന ചോദ്യം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ട്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഡോളര്‍ വന്‍ മുന്നേറ്റമാണ് കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയില്‍ ഇന്ന് കണ്ടത്. അതേസമയം, ഡോളര്‍ ഇന്ന് അല്‍പ്പം മങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ നാളെ സ്വര്‍ണവില കയറിയേക്കാം…
ഇന്നലെ സ്വര്‍ണം ഔണ്‍സിന് 2300 ഡോളറില്‍ താഴെ എത്തി. ഇന്ന് 2301ലേക്ക് കയറിയിട്ടുണ്ട്. ഡോളര്‍ സൂചിക ഇന്നലെ 106 കടന്ന് കുതിച്ചിരുന്നു. ഇന്ന് 106ല്‍ നിന്ന് താഴ്ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളെ സ്വര്‍ണവില ഉയരാനാണ് സാധ്യത. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു പ്രധാന കറന്‍സികളെല്ലാം മൂല്യം കുറയും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത് നഷ്ടമാകും.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഈ വര്‍ഷം അവസാനത്തില്‍ മാത്രമാണ് കുറയ്ക്കുക എന്നാണ് നിക്ഷേപകരുടെ വിശ്വാസം. അതുകൊണ്ടുതന്നെ കടപത്രങ്ങളിലെ നിക്ഷേപം ഉയരുന്നുണ്ട്. ഇതും സ്വര്‍ണം വിട്ടുപിടിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. എന്നാല്‍ അമേരിക്കന്‍ ബാങ്ക് പൊടുന്നനെ പലിശ കുറയ്ക്കുമെന്ന സൂചന ലഭിച്ചാല്‍ സ്വര്‍ണവില ഉയരും.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്ന വ്യക്തിക്ക് 57000 രൂപ വരെ ചെലവ് വന്നേക്കാം. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.49 ആയിട്ടുണ്ട്. നേരിയ മുന്നേറ്റം രൂപ ഇന്ന് കാണിക്കുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 85.03 ഡോളര്‍ ആണ് വില. നേരിയ കുറവ് എണ്ണവിലയിലുണ്ടായിട്ടുണ്ട്. ഡബ്ല്യുടിഐ ക്രൂഡിന് 80.68 ഡോളറും മര്‍ബണ്‍ ക്രൂഡിന് 84.24 ഡോളറുമാണ് വില.