വാഷിംഗ്‌ടൺ: അഞ്ചാം ക്ലാസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 24കാരിയായ അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ വിസ്കോൻസിനിൽ നടന്ന സംഭവത്തിൽ മാഡിസൺ ബെർഗ്‌മാൻ എന്ന യുവതിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കാമികനുമായി വിവാഹം തീരുമാനിച്ചിരിക്കെയാണ് അദ്ധ്യാപികയ്ക്കെതിരെ പീഡനത്തിന് കേസെടുത്തിരിക്കുന്നത്.
മാഡിസണുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ അദ്ധ്യാപികയുമായുള്ള അശ്ലീല ചാറ്റുകൾ കണ്ടെത്തി. ഇതിന്റെ സ്ക്രീൻ ഷോട്ടുകളുമായി മാതാപിതാക്കൾ സ്കൂളിലെത്തി പരാതി നൽകുകയായിരുന്നു.
ക്ലാസിൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ പോകുമ്പോഴും സ്കൂൾ വിട്ടതിന് ശേഷവും ഉള്ള സമയങ്ങളിൽ നിരവധി തവണ അദ്ധ്യാപിക 11കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ചാറ്റിൽ വ്യക്തമാക്കുന്നു. കുട്ടിയും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് മാഡിസണിനുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയ്ക്കൊപ്പം ആൽപ്സിൽ സ്കീയിംഗിന് പോയപ്പോഴാണ് ഫോൺ നമ്പർ ലഭിക്കുന്നത്. ക്ലാസിൽ പലതവണ അദ്ധ്യാപിക തന്നെ ചുംബിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.
കോടതിയിൽ ഹാജരാക്കിയ അദ്ധ്യാപികയ്ക്ക് 25000 ഡോളർ സിഗ്നേച്ചർ ബോണ്ടിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്. മേയ് 30ന് തുടർ വിചാരണയ്ക്കായി ഇവർ കോടതിയിൽ ഹാജരാകണം.അതേസമയം സ്കൂളിൽ നിന്നും അദ്ധ്യാപികയെ വിലക്കിയിട്ടുണ്ട്.