തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ 89 പേരോളം പ്രാഥമിക സമ്പര്‍ക്കം. ഇതില്‍കുടുംബാഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലാണ്. കന്യാകുമാരിയിലും ഒപ്പം അമ്പലത്തറ, പുത്തന്‍പള്ളി, ബീമാപള്ളി പ്രദേശങ്ങളിലും ഇദ്ദേഹം വ്യാപകമായി സഞ്ചരിച്ചിരുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാകുന്നു.
കന്യാകുമാരിയില്‍ നിന്ന് മത്സ്യം വാങ്ങി ഗോഡൗണിലെത്തിച്ച് അവിടെ നിന്ന് നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്കും, കുമരിച്ചന്തയിലേക്കും വിതരണം ചെയ്തിരുന്നു. കന്യാകുമാരിയിലേക്ക് നിരവധി തവണ പോയി.അമ്പലത്തറ, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപളളി പ്രദേശങ്ങളില്‍ വ്യാപകമായ സഞ്ചാര ചരിത്രവുമുണ്ട്.
കന്യാകുമാരി യാത്രകളില്‍ നിന്നാകാം രോഗബാധയേറ്റതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമാനം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അമ്പലത്തറ കുമരിച്ചന്തയിലെ കച്ചവടം നിര്‍ത്തിവെച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.കമലേശ്വരം, പൂന്തുറ പ്രദേശങ്ങളെ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലകളായും കണക്കാക്കിയിട്ടുണ്ട്.