ബാബു ആൻ്റണി മടങ്ങിയെത്തുന്നു, ആക്ഷൻ സിനിമയുമായി ഒമർ ലുലു
ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന ‘പവർസ്റ്റാർ’ ഒമറിന്റെ കരിയറിലെ ആദ്യ ആക്ഷൻ ചിത്രമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മാസ് ആക്ഷൻ രംഗങ്ങളിലൂടെ തിരികെ എത്തുന്ന ചിത്രം കൂടിയാണിത്.
നായിക ഇല്ല, പാട്ടില്ല, ഇടി മാത്രം’ എന്ന ടാഗ് ലൈനിൽ ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു ഒരുക്കുന്ന ആക്ഷൻ ചിത്രം ‘പവർസ്റ്റാർ’ ഒരുങ്ങുന്നു.വളരെ റിയലിസ്റ്റിക്കായി, എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും ‘പവർസ്റ്റാർ’ എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. മാസ് ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ‘പവര്‍സ്റ്റാര്‍’ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.
വേര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
സ്ഥിരം പ്രണയം എന്ന ജോണറിൽ ഒതുങ്ങി നില്കാതെ മറ്റു പടങ്ങളും പരീക്ഷിക്കാനൊരുങ്ങിയാണ് ഒമർ തന്റെ പുതിയ പദത്തിനുള്ള ചുവടുവെപ്പുകൾ നടത്തുന്നതും.ഡെന്നീസ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്നതിന് പിന്നാലെ തുടങ്ങുവാനുളള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.