ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡൽഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്. ഇന്ത്യ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.
ഇരുരാജ്യത്തിനുമിടയിലെ നയതന്ത്രബന്ധത്തിൽ വിള്ളൽ തുടരവേ, നാല്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബർ പത്തിനകം പിൻവലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും അധികമുള്ളവരെ തിരികെ വിളിക്കണമെന്നുമായിരുന്നു ആവശ്യം.
ഇന്ത്യക്ക് കാനഡയിലുള്ള നയതന്ത്രജ്ഞരുടെ എണ്ണത്തിന് ആനുപാതികമായി മതി ഇവിടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുടെ എണ്ണമെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഒക്ടോബർ പത്തിനകം നാല്പതോളം നയതന്ത്രപ്രതിനിധികളെ പിൻവലിച്ചില്ലെങ്കിൽ അവരുടെ നയതന്ത്രപരിരക്ഷ റദ്ദാക്കുമെന്ന് കാനഡയ്ക്ക് രാജ്യം മുന്നറിയിപ്പുനൽകിയിരുന്നു.
കാനഡയിൽ ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധിക്കപ്പെട്ടതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരുരാജ്യവും ഓരോ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.