കൊച്ചി:സമൂഹത്തിനെ നാശത്തിലേയ്ക്ക് നയിക്കുന്ന ലഹരി മരുന്നിന്റെ വിപണനത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി 1987-ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി പ്രഖ്യാപിച്ചത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്.
ലഹരി മരുന്നുകളുടെ കെണിയില്‍ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികള്‍ക്കു വേണ്ടത്ര അറിവില്ലെന്നതാണ് വാസ്തവം. ഉണ്ടായിരുന്നെങ്കില്‍ പലരും ദുര്‍ഗതിയില്‍ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാന്‍ പറ്റാത്ത തരത്തില്‍ മഹാഗര്‍ത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കള്‍ പതിക്കുന്നത്.
ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികള്‍ കൂടിയാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ശാരീരികമായി ഒട്ടേറെ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത്തരം ആളുകളില്‍ ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മലബന്ധം, ശ്വാസതടസ്സം, ഹൃദയമിടിപ്പ് കുറയുക, രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുക, ചൊറിച്ചില്‍, തുടര്‍ച്ചയായ അണുബാധ, ക്ഷയരോഗം പോഷകാഹാരക്കുറവ്, കരള്‍ രോഗങ്ങള്‍, മാനസികരോഗങ്ങള്‍ ലൈംഗികശേഷിക്കുറവ്, ബോധക്ഷയം എന്നിവ കാണപ്പെടാറുണ്ട്.
ലഹരിക്ക് അടിമപ്പെടുന്നത് ഒരു രോഗാവസ്ഥ തന്നെയാണെന്ന് മനസ്സിലാക്കുകയും ചികിത്സ തേടേണ്ടതുമാണ്. കുടുംബത്തിലെ പ്രശ്‌നങ്ങളും പഠനത്തിലെ പിന്നോക്കാവസ്ഥയുമാകാം കുട്ടികളെ ലഹരിയില്‍ കൊണ്ടെത്തിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. അതിനുപുറമെ സമപ്രായക്കാരായ കുട്ടികളുടെ നിര്‍ബന്ധവും ലഹരിവസ്തു എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ചിന്താശേഷി വളരും എന്നുള്ള തെറ്റിദ്ധാരണയുമെല്ലാം ഇതിനു പിന്നിലുണ്ട്.
മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ അത് പ്രചരിപ്പിക്കുന്നതും വലിയ തെറ്റാണ്. മയക്കുമരുന്ന് പ്രരിപ്പിക്കുന്നതും അത് വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരമാവധി മുപ്പത് വര്‍ഷം വരെ കഠിനതടവും ലഭിച്ചേക്കാം.
ജീവിതം ലഹരി വിമുക്തമാക്കാന്‍ ആഗോള വ്യാപകമായി പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വര്‍ധിച്ചു വരുമ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുന്നുവെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരോ വ്യക്തിയും എടുക്കുന്ന ഉറച്ച തീരുമാനമാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.