മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണിന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്നു മുൻ ഇന്ത്യൻ താരം വസീം ജാഫർ. ‘‘തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനത്തിൽ എനിക്കു മതിപ്പു തോന്നുന്നുണ്ട്. സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് എപ്പോഴും ഒരു ചോദ്യമുണ്ടായിരുന്നു.
എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം അതു തെളിയിച്ചിരിക്കുന്നു. ആദ്യ മത്സരത്തിൽ സഞ്ജുവിന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പക്ഷേ രണ്ടാം മത്സരം ഫിനിഷ് ചെയ്തു. മൂന്നാം ഏകദിനത്തിലും അദ്ദേഹം പുറത്താകാതെ നിന്നു’’– വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
അതേസമയം ഋഷഭ് പന്തിനെ ഏകദിന ടീമിൽനിന്നു മാറ്റേണ്ട കാര്യമില്ലെന്നും വസീം ജാഫർ പറഞ്ഞു. ‘‘ഇംഗ്ലണ്ടിനെതിരായ ഋഷഭ് പന്തിന്റെ സെഞ്ചറിയെക്കുറിച്ചു നമ്മൾ എളുപ്പം മറന്നെന്നു തോന്നുന്നു. അത് ഏകദിന ക്രിക്കറ്റിലായിരുന്നു. ട്വന്റി20യിൽ ഋഷഭ് പന്തിനു സ്ഥിരതയെന്നതു പ്രശ്നമാണ്.
എന്നാൽ ടെസ്റ്റിലും ഏകദിന മത്സരങ്ങളിലും പന്തിന് ഇപ്പോഴും എതിരാളികളുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പ്രകടനത്തിന്റെ പേരിൽ തന്നെ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലുണ്ടാകേണ്ടതാണ്. അതിനായി പന്തിനെ മാറ്റേണ്ടതില്ല’’– വസീം ജാഫർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണു സഞ്ജു പുറത്തെടുത്തത്. മൂന്നു മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു സാധിച്ചിരുന്നില്ല.
ഒരു അർധ സെഞ്ചറി ഉൾപ്പെടെ 118 റൺസാണു മൂന്നു മത്സരങ്ങളിൽനിന്നു സഞ്ജു അടിച്ചെടുത്തത്. ആദ്യ മത്സരത്തിൽ 63 പന്തുകൾ നേരിട്ട താരം 83 റൺസെടുത്ത് ടീം ഇന്ത്യയെ വിജയത്തിന് അടുത്തുവരെ എത്തിച്ചിരുന്നു.