ആലപ്പുഴ: പുരയിടത്തിലെ വലയില്‍ കുടുങ്ങി അവശനിലയിലായ പെരുമ്പാമ്പിന്റെ ശരീരത്തില്‍ നിന്ന് പുഴുക്കളെ നീക്കി. ചികിത്സ നല്‍കിയതോടെ പെരുമ്പാമ്പിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ വെറ്ററിനറി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. അശ്വതിയുടെ നേതൃത്വത്തിലാണ് തുടര്‍ചികിത്സ.
ജലാംശം കുറഞ്ഞതിനാല്‍ ഡ്രിപ്പിട്ടു. ആന്റിബയോട്ടിക് കുത്തിവയ്പു നല്‍കി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിലെ ഡോ. മേരി ലിഷിയുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിന്റെ ശരീരത്തില്‍നിന്നു പുഴുക്കളെ നീക്കിയത്. എടത്വയില്‍ ഒരു പുരയിടത്തിലെ വലയില്‍ കുടുങ്ങിയതാണ് പെരുമ്പാമ്പ്.
വനം വകുപ്പിന്റെ സര്‍പ്പ ടീം അംഗം അരുണ്‍ സി മോഹനാണ് പാമ്പിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. അരുണിന്റെ വാടയ്ക്കലിലെ വീട്ടിലാണ് പാമ്പിനെ സൂക്ഷിച്ചിരിക്കുന്നത്. മുറിവു പൂര്‍ണമായും ഭേദമായശേഷം കാട്ടില്‍ വിട്ടാല്‍ മതിയെന്നാണ് വനം വകുപ്പ് റാന്നി ഡിവിഷന്‍ അധികാരികള്‍ അറിയിച്ചത്.