KeralaNews

വേനല്‍ മഴയില്‍ കോട്ടയത്ത് വ്യാപക നാശനഷ്ടം

കോട്ടയം: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. മിന്നലില്‍ ഫീഡറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ പലയിടത്തും വൈദ്യുതി മുടങ്ങി. കളത്തിപ്പടി പന്നയ്ക്കല്‍ സാബു വര്‍ഗീസിന്റെ വീടിന്റെ ഭിത്തിയിലെ ഫാന്‍ ഇളകി താഴെ വീഴുകയും ബള്‍ബ് പൊട്ടിത്തെറിക്കുകയും ചെയ്തു. എംസി റോഡില്‍ ചിങ്ങവനത്ത് പരസ്യ ബോര്‍ഡ് റോഡിലേക്ക് ചരിഞ്ഞു.

ഈസ്റ്റ് വൈദ്യുതി സെക്ഷന്റെ പരിധിയില്‍ കഞ്ഞിക്കുഴി, നാഗമ്പടം, ടൗണ്‍ എന്നിവിടങ്ങളിലെ ഫീഡറുകളാണ് വേനല്‍മഴയെ തുടര്‍ന്നുള്ള മിന്നലില്‍ തകരാറിലായത്. സെന്‍ട്രല്‍ സെക്ഷന്റെ പരിധിയില്‍ പലയിടങ്ങളിലും വൈദ്യുതക്കമ്പിയില്‍ മരക്കമ്പ് വീണു. കഞ്ഞിക്കുഴി, ഇറഞ്ഞാല്‍, നാഗമ്പടം, എസ്എച്ച് മൗണ്ട്, ഈരയില്‍കടവ്, പഴയ സെമിനാരി, ചുങ്കം, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.

ഇന്നലെ വൈകിട്ട് 5.45ന് ഉണ്ടായ മഴയിലും കാറ്റിലുമാണ് നാശം. മിന്നലില്‍, ഒരു ലൈനില്‍നിന്നു മറ്റൊരു ലൈനിലേക്ക് കണക്ട് ചെയ്യുന്ന ജെംബര്‍ കണക്ഷന്‍ കത്തിയതോടെയാണ് ഫീഡറുകള്‍ തകരാറിലായത്. കെഎസ്ഇബി ജീവനക്കാര്‍ സമരത്തിലായിരുന്നെങ്കിലും മിക്കയിടത്തും മണിക്കൂറുകള്‍ക്കുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.

സാബു വര്‍ഗീസിന്റെ വീടിന്റെ രണ്ടാംനിലയില്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഫാനാണ് മിന്നലേറ്റ് ഇളകി താഴെവീണത്. മിന്നലില്‍ വീടിനു മുറ്റത്തെ ചരലും മണ്ണും തെറിച്ചു മുറിക്കുള്ളിലെത്തുകയായിരുന്നു ആദ്യം. തുടര്‍ന്നാണ് ബള്‍ബ് പൊട്ടിത്തെറിച്ചതും ഫാന്‍ ഇളകിവീണതും. സ്വിച്ച് ബോര്‍ഡ് ഇളകിത്തെറിച്ചു. മുറ്റത്ത് ചെറിയ കുഴി രൂപപ്പെട്ടു.

വീടിനുള്ളിലേക്ക് തീപ്പൊരി വരുന്നതുകണ്ട് സാബുവിന്റെ ഭാര്യ എല്‍സി അബോധാവസ്ഥയിലായി. എംസി റോഡില്‍ ചിങ്ങവനത്ത് കെട്ടിടത്തിനു മുകളിലെ പരസ്യ ബോര്‍ഡാണ് റോഡിലേക്ക് ചരിഞ്ഞത്. അപകടം ഒഴിവാക്കാന്‍ പോലീസ് റോഡിന്റെ ഒരുവശത്തു കൂടിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker