നടി കാവ്യാമാധവന്റെ കൊച്ചിയിലെ ബ്യൂട്ടിക്കില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. തുണിയും ഉപകരണങ്ങളും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍. അട്ടിമറി നടന്നോ എന്ന് പൊലീസ് പരിശോധിക്കും. ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം.
ഏറെ നാള്‍ സിനിമയില്‍ നിന്നും മാറിനിന്ന കാവ്യ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലെത്തുകയായിരുന്നു. ഫാഷന്‍ ഡിസൈനിങ് പഠിച്ച സഹോദരന്‍ മിഥുന്റെ പിന്തുണകൂടിയായതോടെ ലക്ഷ്യ തുടങ്ങിയത്. ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിലും ഈ സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ തീ പിടിത്തത്തെ ഗൗരവത്തോടെ കാണാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ദിവസം കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഒപ്പം തുടരന്വേഷണം നടത്താന്‍ ഏപ്രില്‍ 15 വരെ സമയ പരിധി നീട്ടി നല്‍കുകയും ചെയ്തു. മൂന്ന് മാസം സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ഒരു ചാനലിലൂടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിലേക്ക് വഴി തുറന്നത്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
ദിലീപിന്റെ ഹര്‍ജിക്കെതിരെ ആക്രമിക്കപ്പെട്ട നടി എതിര്‍ കക്ഷി ചേര്‍ന്നതും ഏറെ നിര്‍ണായകമായി. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ല. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതില്‍ പരിഹരിക്കാന്‍ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി വ്യക്തമാക്കി. കേസിലെ പരാതിക്കാരിയാണ് ഞാന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കില്ല. ഹര്‍ജിക്കെതിരെ മൂന്നാം എതിര്‍കക്ഷിയായി തന്നെ ചേര്‍ക്കണമെന്ന് അതിജീവിതയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമായിരുന്നു ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു, വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയെ ഹൈക്കോടതി കക്ഷിചേര്‍ക്കുകയായിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ ദിലീപിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ഇത്തരമൊരു തീരുമാനം എടുത്തത്.