ക്ലാസ് നേരത്തേ വിട്ടു; കൂട്ടുകാര്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആലപ്പുഴ: കുട്ടനാട് മണിമലയാറ്റില്‍ പ്ലസ്ടു വിദ്യാര്‍ഥി നീന്തുന്നതിനിടെ മുങ്ങി മരിച്ചു. രാമങ്കരി സ്വദേശികളായ ജോജിയുടെയും ജോമോളുടെയും മൂത്ത മകന്‍ ജോയല്‍ (17) ആണു മരിച്ചത്. ക്ലാസ് നേരത്തേ വിട്ടതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം നീന്താന്‍ എത്തിയതാണ് ജോയല്‍.

നീന്തുന്നതിനിടെ മുങ്ങിത്താണ ജോയലിനെ കരയ്ക്കുകയറ്റാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ട് മണിയോടെ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള കടവിലാണ് അപകടമുണ്ടായത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ജങ്കാര്‍ കടവിലെത്തിയ വിദ്യാര്‍ഥികള്‍ ജങ്കാര്‍ മറുകരയിലായതിനാല്‍ കുളിക്കാനായി കടവിലേക്കു പോവുകയായിരുന്നു. യൂണിഫോം കരയില്‍ അഴിച്ചു വച്ചശേഷമാണു ആറ്റിലിറങ്ങിയത്. ജോയലിനു നീന്തല്‍ വശമില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News