ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് സാഹചര്യം പരാമര്‍ശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. പോരാട്ടം തുടരേണ്ടതുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.
വാക്‌സിന്‍ നിര്‍മ്മാണത്തില്‍ രാജ്യം നേട്ടമുണ്ടാക്കി. മുതിര്‍ന്ന പൗരന്മാരില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടത്തി. കൊവിഡ് വെല്ലുവിളികള്‍ പെട്ടെന്ന് അവസാനിക്കില്ല. കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. 6 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു. 44 കോടി ജനങ്ങള്‍ ബാങ്കിംഗ് ശൃംഖലയിലുണ്ട്. കാര്‍ഷിക മേഖലയില്‍ മികച്ച ഉത്പാദനം കൈവരിക്കാനായി. വഴിയോര കച്ചവടക്കാരെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി. നദീസംയോജന പദ്ധതികള്‍ തുടരും. രാജ്യത്തിന്റെ സ്വാശ്രയത്വത്തിന് പ്രാമുഖ്യം നല്‍കി. എട്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കി. ഫാര്‍മ മേഖലയില്‍ വന്‍ മാറ്റം കൊണ്ടുവരും. ചെറുകിട കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാര്‍ച്ച് വരെ നീട്ടി എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണം. വാക്‌സിന്‍ ഉത്പാദക രാജ്യമെന്ന നിലയില്‍ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണ്. പെഗാസസ് ആരോപണങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം എന്നിവ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചേക്കും. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് സമ്മേളനം നടക്കുന്നത്.